കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നാളെ മുതൽ

ആലപ്പുഴ : പശുക്കൾക്ക് കുളമ്പുരോഗ പ്രതിരോധ വയ്പ് നാളെ ആരംഭിക്കുമ്പോൾ ക്ഷീരകർഷകർ ആശങ്കയിലാണ്. വാക്സിനേഷനു ശേഷം കുറച്ചുകാലം പശുക്കളിൽ പാലുത്പാദനത്തിൽ കുറവുണ്ടാകുമെന്നതാണ് ഇവരെ ഉത്കണ്ഠയിലാക്കുന്നത് . മുൻകാലങ്ങളിൽ പ്രതിരോധകുത്തിവയ്പെടുത്തതിനുശേഷം ഒരു മാസത്തോളം പശുക്കളിൽ 40 ശതമാനത്തിലേറെ പാലുത്പാദനം കുറഞ്ഞതായി കർഷകർ പറയുന്നു. ഇത്തവണത്തെ കൊടുംചൂടിൽ പാലുത്പാദനത്തിൽ ഇതിലും കുറവുണ്ടായേക്കാം.

ചൂടുകാലത്ത് കുത്തിവയ്പെടുക്കുന്നത് ഒഴിവാക്കണമെന്ന വിവിധ സംഘടനാ നേതാക്കളുടെയും കർഷകരുടെയും ആവശ്യം പരിഗണിക്കാതെയാണ് പ്രതിരോധ കുത്തിവെയ്പ്പ് നാളെ മുതൽ ആരംഭിക്കണമെന്ന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. കേന്ദ്ര സർക്കാർ നേരിട്ട് മോണിട്ടറിംഗ് നടത്തുന്ന പദ്ധതിയായതിനാൽ വാക്സിനേഷൻ മാറ്റി വെയ്ക്കാൻ കഴിയില്ലെന്ന നിലപാടാണ് മൃഗസംരക്ഷണവകുപ്പിന്റേത്. കഴിഞ്ഞ രണ്ടുമാസമായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ചർമ്മമുഴ രോഗത്തെ തുടർന്നും പശുക്കളിൽ പാൽ ഉത്പാദനം കുറഞ്ഞിരുന്നു. ചർമ്മമുഴ രോഗത്തിനുള്ള വാക്സിനേഷനും പല പഞ്ചായത്തുകളിലും നടന്നു വരികയാണ്. കഴിഞ്ഞ മഴക്കാലത്തുണ്ടായിരുന്നതിനേക്കാൾ പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാലിന്റെ കുറവാണ് ഇപ്പോൾ ആഭ്യന്തര ഉത്പാദനത്തിലുണ്ടായത്. മിൽമയുടെ കവർപാൽ വിതരണത്തെ ഇത് ബാധിച്ചിട്ടുണ്ട്. കുളമ്പ് രോഗവും ചർമ്മമുഴ രോഗവും വൈറസ് രോഗമായതിനാൽ ശക്തിയേറിയ മരുന്നാണ് വാക്സിനേഷന് ഉപയോഗിക്കുന്നത്. ഇതും കടുത്ത ചൂടും പാലിന്റെ അളവ് കുത്തനേ കുറയുന്നതിനിടയാക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ചർമ്മമുഴ രോഗത്തിനുള്ള പ്രതിരോധ വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുന്ന ആലപ്പുഴ, പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം ജില്ലകളിൽ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് നീട്ടിവയ്ക്കാൻ സാദ്ധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.

 വാക്സിനേഷൻ

സംസ്ഥാനത്താകെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നാളെ തുടങ്ങി അടുത്ത മാസം 19ന് അവസാനിപ്പിക്കണം എന്നാണ് ഡയറക്ടറുടെ നിർദേശം.

40

പ്രതിദിനം 40മുതൽ 50 വരെ കന്നുകാലികൾക്ക് വാക്സിനേഷൻ എടുക്കണം. ജീവനക്കാർ വീടുകളിൽ എത്തി ആധാർ നമ്പർ, ശേഖരിച്ച് മൊബൈൽ ആപ്ളിക്കേഷനിലൂടെ വിവരങ്ങൾ വകുപ്പിന് അയച്ചു കൊടുക്കണം.

400

ഒരുദിവസത്തെ യാത്രാ ബത്തയായി 400രൂപയാണ് ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളത്. ഇതിലും കൂടുതൽ തുക ആട്ടോറിക്ഷ കൂലിയായി ചെലവഴിക്കേണ്ടി വരുമെന്നാണ് ജീവനക്കാർ പറയുന്നത്.

 വാക്സിനേഷന് ശേഷം

കന്നുകാലികൾക്ക് പനി, കുത്തിവയ്പ് എടുക്കുന്ന ഭാഗത്ത് നീർക്കെട്ട്, തീറ്റ എടുക്കുന്നതിന് ബുദ്ധിമുട്ട്, പാൽ കുറവ്, ക്ഷീണം എന്നിവ ഉണ്ടാകാം

"വേനൽക്കാലത്ത് കുളമ്പു രോഗ പ്രതിരോധകുത്തിവയ്പ് എടുത്തൽ പാൽ കുറയുമെന്ന് കർഷകർ ആശങ്കപ്പെടേണ്ട. ഏത് വാക്സിൻ നൽകിയാലും ആദ്യത്തെ ഒരാഴ്ചക്കാലം പാലിന്റെ അളവിൽ കുറവ് ഉണ്ടാകും. കുളമ്പു രോഗത്തെ പ്രതിരോധിച്ചില്ലെങ്കിൽ രോഗം പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുള്ളതിനാലാണ് പ്രതിരോധ കുത്തിവയ്പെടുക്കുന്നത്

മൃഗസംരക്ഷണ വകുപ്പ്