ചേർത്തല : കടയുടെ നടത്തിപ്പിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള ജ്യേഷ്ഠനായി പൊലീസ് അന്വേഷണം അന്യജില്ലകളിലേക്ക് വ്യാപിപ്പിച്ചു.വയലാർ പഞ്ചായത്ത് രണ്ടാം വാർഡിൽ എട്ടുപുരയ്ക്കൽ ചിറയിൽ ബാബുവാണ് (48) അനുജൻ ശിവനെ (45) കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിലുള്ളത്. ഞായറാഴ്ച വൈകിട്ടായിരുന്നു കൊലപാതകം.
വിവാഹ ബന്ധം വേർപെടുത്തി 22 വർഷമായി തനിച്ച് കഴിയുകയായിരുന്നു ബാബുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് ഏറെനാൾ ജോലി ചെയ്തിട്ടുള്ള ബാബുവിന് അവിടെ സുഹൃത്ത് ബന്ധങ്ങളുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ തുടരുകയാണ്. കൊലപാതകം നടന്നതിന്റെ തലേദിവസം മുതൽ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് സംശയിക്കുന്നത് ഇതുകൊണ്ടാണ്. ബാബുവുമായി അടുപ്പമുള്ള സുഹൃത്തുക്കളും പൊലീസ് നിരീഷണത്തിലാണ്.ഇവരുടെ ഫോൺ കാളുകളും പരിശോധിക്കുന്നുണ്ട്.
ശിവന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജ്ജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തി. നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത് ഹൃദയം വരെ തുളച്ച് കയറിയതാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.തോളിലും വയറിലും നെഞ്ചിലുമായി മൂന്ന് കുത്താണേറ്റത്.ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപം ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് ശിവനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സഹോദരൻമാർ ചേർന്ന് നടത്തുന്ന കടയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന വിഭാഗവും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ചേർത്തല ഡിവൈ.എസ്.പി എ.ജി ലാൽ, സി.ഐ വി.പി മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ശിവന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ പട്ടണക്കാട് പാറയിൽ ഭാഗത്തുള്ള വീട്ടിൽ സംസ്‌കരിച്ചു.