ചേർത്തല : കാക്കത്തുരുത്തിൽ നൂറുമേനി കൊയ്ത് തണ്ണീർമുക്കത്തെ കർഷക കൂട്ടായ്മയുടെ വിജയം. മഹാപ്രളയത്തിൽ തകർത്തെറിഞ്ഞ മൂന്ന് പാടശേഖരങ്ങളിലാണ് നൂറുമേനി വിളഞ്ഞത്. മൊത്തം 50 ഏക്കറുള്ള കാക്കതുരുത്ത് പാടശേഖരത്തിൽ നാൽപത് ഏക്കറോളം നിലത്താണ് കൃഷി ഇറക്കിയത്. തരിശ് കിടന്നിരുന്ന 55 ഏക്കർ വരുന്ന പോതിമംഗലവും ആറ് ഏക്കറുള്ള മങ്കുഴിക്കരി പാടശേഖരവും കൃഷിക്ക് യോഗ്യമാക്കിയതോടെ തരിശുരഹിത തണ്ണീർമുക്കം എന്ന സ്വപ്‌നം യാഥാർത്ഥ്യമായി. കാക്കതുരുത്ത് പാടശേഖരത്തിൽ നടന്ന വിളവെടുപ്പ് ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. എൻ.വി ഷാജി അദ്ധ്യക്ഷത വഹിച്ചു.രേഷ്മ രംഗനാഥ്,രമാമദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,യമുന,കെ.ജെ സെബാസ്റ്റ്യൻ,സനൽനാഥ്,സാനുസുധീന്ദ്രൻ,രമേഷ് ബാബു എന്നിവരും കൃഷി ഓഫീസർ പി.സമീറയും പങ്കെടുത്തു. പാടശേഖരസമിതി പ്രസിഡന്റ് ടോമി വട്ടക്കര സ്വാഗതവും സെക്രട്ടറി മാത്യുവലിയവീട്ടിൽ നന്ദിയും പറഞ്ഞു.