നഗരത്തിൽ പവർ ഹൈഡ്രന്റുകളില്ലാത്തത് ഫയർഫോഴ്സിന് തിരിച്ചടി
ആലപ്പുഴ : നഗരത്തിൽ ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശം വാട്ടർ അതോറിട്ടി പാലിക്കാത്തതിനാൽ തീ അണയ്ക്കാൻ വെള്ളം ശേഖരിക്കുന്നതിന് ഫയർഫോഴ്സ് പെടാപ്പാടു പെടുന്നു. ചൂട് കടുത്തതോടെ റോഡരികുകളിലെയും പറമ്പുകളിലെയും ഉണങ്ങിയ പുൽച്ചെടികളും മരങ്ങളും അഗ്നിക്കിരയാകുന്നത് പതിവായി. ഇവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനെത്താൻ വെള്ളം ശേഖരിക്കാനാണ് ഫയർ ഫോഴ്സ് ബുദ്ധിമുട്ടുന്നത്. ഫയർ ഫോഴ്സിന് സ്വന്തമായി കുഴൽക്കിണർ ഇല്ലാത്തതിനാൽ ഇപ്പോൾ തോടുകളിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
കഴിഞ്ഞ 10ദിവസത്തിനുള്ളിൽ ഇ.എം.എസ് സ്റ്റേഡിയത്തിൽ മാത്രം ആറ് തവണയാണ് ഉണങ്ങിയ മരത്തടികൾക്ക് തീപിടിച്ചത്. ജില്ലാ ആസ്ഥാനമായിട്ടു പോലും ആലപ്പുഴ നഗരത്തിൽ ഒരു ഫയർ ഹൈഡ്രന്റ് പോലും ഇല്ലാത്ത സ്ഥിതി ഗുരുതരമാണെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യാനുസരണം ഫയർ ഹൈഡ്രന്റുകൾ ചേർത്തലയിൽ സ്ഥാപിച്ചിട്ടുണ്ട്.
ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിക്കണമെന്ന നിർദേശം ഉൾപ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 40ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കാൻ തീരുമാനം എടുത്തെങ്കിലും പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ തീരാത്തതാണ് തിരിച്ചടിയായത്. പദ്ധതി പൂർത്തിയായി ഇപ്പോഴത്തെ വരൾച്ചക്കാലത്ത് ഫയർ ഹൈഡ്രന്റിന്റെ ഗുണം ലഭിക്കാനുള്ള സാദ്ധ്യത ഇല്ല. പദ്ധതിയുടെ പൂർണ്ണ കപ്പാസിറ്റിയിൽ പമ്പിംഗ് ആരംഭിച്ചാൽ മാത്രമേ നഗരത്തിൽ ഫയർ ഹൈഡ്രന്റ് സ്ഥാപിച്ചതു കൊണ്ട് ഗുണം ലഭിക്കൂ.
ഭീഷണിയായി ഉപ്പുവെള്ളം
കുംഭചൂടിൽ തോടുകളിൽ ജലനിരപ്പ് താഴ്ന്നതിനാൽ ചെളിയും ഓരും കലർന്ന ജലമാണ് പലപ്പോഴും ടാങ്കുകളിൽ ശേഖരിക്കുന്നത്. ഇതിലെ ലവണാംശം കാരണം വാഹനങ്ങളിലെ ടാങ്കുകൾ ദ്രവിച്ച് ചോർച്ചയുണ്ടാകും. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ടാങ്കുകളാണ് ഇങ്ങനെ നശിക്കുന്നത്. ആലപ്പുഴ ഫയർ സ്റ്റേഷനിൽ വെള്ളം ശേഖരിക്കാൻ കഴിയുന്ന രണ്ട് വാഹനങ്ങളാണ് ഇപ്പോഴുള്ളത്. 4500, 12000 ലിറ്റർ കപ്പാസിറ്റിയുള്ളവയാണ് ഇവ. 1വലിയ വാഹനത്തിന് ചെറു റോഡുകളിലൂടെ കടന്നു പോകാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തിന് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു..ഇടുങ്ങിയ റോഡിൽ കയറ്റാവുന്ന രണ്ട് ഫയർഎൻജിനുകൾ ഇവിടെ ഉണ്ടെങ്കിലും അവ കട്ടപ്പുറത്താണ്. പ്രളയകാലത്ത് എൻജിനുള്ളിൽ വെള്ളകയറിയാണ് ഇവ തകരാറിലായത്.
ഫയർ ഹൈഡ്രന്റ് സ്ഥാപിക്കേണ്ട
സ്ഥലങ്ങൾ
ഫയർ സ്റ്റേഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ, കളക്ടറേറ്റ്, ബീച്ച്, ശവക്കോട്ടപാലം, എ.വി.ജെ ജംഗ്ഷൻ , മാർക്കറ്റ്, മുല്ലയ്ക്കൽ.
പരാധീനതകൾക്ക് കുറവില്ല
വെള്ളം നിറയ്ക്കുന്നതിന് ആലപ്പുഴ ഫയർ സ്റ്റേഷനിൽ ഉണ്ടായിരുന്ന പമ്പ് തകരാറിലായിട്ട് ഒരു വർഷം കഴിഞ്ഞു.
അരൂർ സ്റ്റേഷനിൽ നിന്ന് താൽക്കാലികമായി കൊണ്ടുവന്ന പമ്പ് ഉപയോഗിച്ചാണ് തോടുകളിൽ നിന്ന് വെള്ളം വാഹനങ്ങളിലെ ടാങ്കുകളിലേക്ക് നിറയ്ക്കുന്നത്.
തോടുകളിലെയും മറ്റും മലിനജലം ശേഖരിച്ച് രക്ഷാപ്രവർത്തനം നടത്തുന്നതിനാൽ അഗ്നി രക്ഷാ സേനാംഗങ്ങൾക്ക് ത്വക്ക് രോഗം ഉണ്ടാകുന്നു.
കട്ടപ്പുറത്തുള്ള വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്നതിനൊപ്പം 4500ലിറ്ററിന്റെ കപ്പാസിറ്റിയുള്ള രണ്ട് വാഹനങ്ങൾ കൂടി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഫയർ ഹൈഡ്രന്റുകൾ
അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനു സദാ സമയവും വെള്ളം ലഭ്യമാക്കുന്ന പോയിന്റുകളാണ് ഫയർ ഹൈഡ്രന്റുകൾ. ഫയർഫോഴ്‌സിനു മാത്രമേ ഇതുപയോഗിക്കാൻ കഴിയൂ.