പരിശോധന രാവിലെ തുടങ്ങും

ആലപ്പുഴ : തീരദേശപാതയിൽ ട്രെയിൻ യാത്രക്കാരുടെ 'കാത്തുകിടപ്പിന് " പരിഹാരമാകുന്നു. ഹരിപ്പാട് - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെയാണ് ക്രോസിംഗിനായി ട്രെയിനുകൾ അമ്പലപ്പുഴയിലും ഹരിപ്പാട്ടും ഏറെനേരം പിടിച്ചിടുന്നതിനെത്തുടർന്നുണ്ടാകുന്ന ദുരിതത്തിനറുതിയാകുന്നത്.

പുതുതായി നിർമ്മിച്ച പാതയുടെ സുരക്ഷാ പരിശോധന ഇന്ന് നടക്കും. സാങ്കേതിക പിഴവുകൾ ഒന്നുമില്ലെങ്കിൽ മാർച്ച് ആദ്യവാരം മുതൽ ട്രെയിനുകൾ പുതിയ പാളത്തിലൂടെ ഓടിത്തുടങ്ങും. അതോടെ ലെവൽക്രോസുകൾ പുനഃക്രമീകരിക്കാൻ നിലവിലെ പാത അടച്ചിടും. മേയ് അവസാനത്തോടെ ഈ ജോലിയും തീർത്ത് രണ്ട് ലൈനുകളും സജ്ജമാവുന്നതോടെ ഹരിപ്പാട് - അമ്പലപ്പുഴ ലൈനിൽ ക്രോസിംഗിനായി ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാകും .

സുരക്ഷാ പരിശോധനയ്ക്ക് മുന്നോടിയായി ഇന്നലെ വൈകിട്ട് ട്രെയിനിന്റെ ട്രയൽ റൺ നടത്തി.കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിൽ ബംഗുളൂരു ആസ്ഥാനമായുള്ള റെയിൽവേ സർക്കിൾ സുരക്ഷാ കമ്മിഷണർ എം.മനോഹരൻ, ദക്ഷിണ റെയിൽവെ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ സിരീഷ് കുമാർ സിൻഹ,റെയിൽവേ തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി റോയ്,തിരുവനന്തപുരം ഡിവിഷനിലെ നിർമ്മാണ വിഭാഗം മേധാവികൾ എന്നിവരുൾപ്പെട്ട സംഘമാണ് സുരക്ഷാ പരിശോധനയ്ക്ക് നേതൃത്വം നൽകുക. ഇന്ന് രാവിലെ 7.30 ന് അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് എട്ട് മോട്ടോർ ട്രോളികളിൽ യാത്ര ചെയ്ത് ആദ്യഘട്ട പരിശോധന തുടങ്ങും. വൈകിട്ട് 5 മണിക്ക് ഹരിപ്പാട് സ്റ്റേഷനിലെത്തും.തുടർന്ന് പ്രത്യേക ട്രെയിൻ ഹരിപ്പാട് സ്റ്റേഷനിൽ നിന്ന് അമ്പലപ്പുഴയ്ക്ക് യാത്ര നടത്തും. തുടക്കത്തിൽ 90 കിലോമീറ്റർ വരെ വേഗത്തിലാവും ട്രെയിനുകൾ സഞ്ചരിക്കുക. ക്രമേണ വേഗം 130 കിലോമീറ്റർ വരെയെത്തും.പരിശോധന തൃപ്തികരമായാൽ മാർച്ചിൽ ട്രെയിൻ ഓടിത്തുടങ്ങും.

 ഇന്റർസിറ്റിയുടെ കാത്തുകിടപ്പ് ഒഴിയും

രാവിലെയും വൈകിട്ടും ഇന്റർസിറ്റി എക്സ്പ്രസിൽ പതിവായി യാത്രചെയ്യുന്നവർക്കാണ് പാത ഇരട്ടിപ്പിക്കുന്നതിലൂടെ കൂടുതൽ ആശ്വാസമാകുന്നത്. അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ ദീർഘനേരം ഇന്റർസിറ്റി പിടിച്ചിടാറുണ്ട്. രാവിലെ ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് യഥാസമയം കടന്നു പോയില്ലെങ്കിൽ പിന്നാലെ വരുന്ന ഇന്റർസിറ്റി പിടിച്ചിടും. 15 മുതൽ 30 മിനിട്ട് വരെയാണ് കാത്തു കിടക്കേണ്ടി വരിക. വൈകിട്ടും മറ്റ് ട്രെയിനുകൾ കടന്നുപോകാൻ കാത്തുകിടക്കണം. തീരദേശ പാതയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകളും ക്രോസിംഗിന് പലപ്പോഴും കാത്തുകിടക്കേണ്ടി വരാറുള്ളത് അമ്പലപ്പുഴയിലും ഹരിപ്പാടുമാണ്. കായംകുളം ജംഗ്ഷൻ മുതൽ ഹരിപ്പാട് വരെ 13 കിലോമീറ്റർ നേരത്തേ ഇരട്ടപ്പാതയാക്കിയിരുന്നു.പുതിയ ലൈൻ കൂടി സജ്ജമാവുമ്പോൾ കായംകുളം ജംഗ്ഷൻ മുതൽ അമ്പലപ്പുഴ വരെയുള്ള 31 കിലോമീറ്റർ ദൂരത്തിൽ ട്രെയിൻ യാത്ര സുഗമമാവും.

18

ഹരിപ്പാട്- അമ്പലപ്പുഴ പാതയുടെ ദൈർഘ്യം 18 കി.മീ.

43.5

എറണാകുളം -കായംകുളം തീരദേശപാതയുടെ രണ്ടാം ഘട്ടമായി 43.5 കിലോമീറ്റർ ദൈർഘ്യമുള്ള കായംകുളം-ആലപ്പുഴ പാത ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് 1992 ലാണ്

200

105 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ പദ്ധതിയിട്ട പാത ഇരട്ടിപ്പിക്കൽ പൂർത്തിയായപ്പോൾ ചെലവ് വന്നത് 200 കോടിക്ക് മേലാണ്.ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന കടമ്പ.


പുതിയ പാത വൈകിപ്പിച്ചത്

1. 2012-ൽ ഇരട്ടിപ്പിക്കൽ നടപടികൾ തുടങ്ങിയെങ്കിലും പാതയുടെ നിർമ്മാണ ജോലികൾ പല വിധത്തിലാണ് തടസപ്പെട്ടത്.

സ്ഥലത്തിന്റെ ന്യായവില സംബന്ധിച്ചുണ്ടായ തർക്കങ്ങൾ നീണ്ടു.ഭൂമി ഏറ്റെടുക്കലിന് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നത് കാരണം പാതി വഴിയിലെത്തിയ ഏറ്റെടുക്കൽ നടപടികൾ വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ടി വന്നു.

2.തൊഴിൽ തർക്കമായിരുന്നു മറ്റൊരു വില്ലൻ. മണ്ണ് അടക്കമുള്ള നിർമ്മാണ സാധനങ്ങൾ ഇറക്കുന്നതിന്റെ കൂലി സംബന്ധമായ തർക്കം കാരണം കരാറുകാരൻ ജോലി ഇട്ടിട്ടുപോകുന്ന സ്ഥിതി വരെയുണ്ടായി.തകഴി, കുന്നുമ്മ മേഖലകളിലാണ് ഈ പ്രശ്നം കൂടുതൽ .

3.കരുവാറ്റ ലീഡിംഗ് ചാനലിന് കുറുകെ പണിയുന്ന പാലത്തിന്റെ ഡിസൈനിനെക്കുറിച്ച് ഇൻലാൻഡ് വാട്ടർ അതോറിട്ടി ഒഫ് ഇന്ത്യ ഉന്നയിച്ച തടസമാണ് മറ്റൊരു കടമ്പയായത്.ദേശീയ ജലപാത കടന്നുപോകുന്നതിനാൽ പാലത്തിന്റെ തൂണുകൾ തമ്മിൽ 40 മീറ്റർ അകലമുണ്ടാവണമെന്ന് അവർ നിബന്ധന വച്ചു.പാലത്തിന്റെ ഡിസൈൻ അംഗീകരിച്ച് കരാർ നൽകിയ ശേഷമായിരുന്നു തർക്കവുമായി എത്തിയത്.അതിനാൽ പാലത്തിന് മറ്റൊരു രൂപരേഖ തയ്യാറാക്കേണ്ടി വന്നു.