ആലപ്പുഴ: വീട്ടിൽ നിന്ന് 25 പവൻ സ്വർണം കവർന്ന സംഭവത്തിൽ കുത്തിയതോട് പൊലീസ് എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാകാശ കമ്മിഷൻ. ഇതു സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കുത്തിയതോട് കോടംതുരുത്ത് സ്വദേശിനി വിദ്യ നൽകിയ പരാതിയിലാണ് ഉത്തരവ്. പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും കേസെടുക്കുകയോ സംശയമുള്ളവരെ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു.