ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'ആർദ്രമീ ആര്യാട് ' ജനകീയ പദ്ധതികൾകൊണ്ടു ശ്രദ്ധേയം.
ആദ്യം ആശ പ്രവർത്തകരുടെ കീഴിൽ ആർദ്രം ടീം രൂപീകരിച്ചു. 25 വീടിനു ഒരു ആർദ്രം വോളണ്ടിയർ എന്ന നിലയിൽ 1600 വോളണ്ടിയർമാരെ ബ്ലോക്കിന് കീഴിലുള്ള 80 വാർഡുകളിലായി നിയോഗിച്ചു. ഇവർക്ക് യൂണിഫോമും രോഗ നിർണയ ഉപകരണങ്ങളും പരിശീലനവും നൽകി. ആർദ്രം ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വാർഡ് കോർഡിനേറ്റർമാരെയും നിയമിച്ചിട്ടുണ്ട്. സമഗ്ര ആരോഗ്യ പരിപാടികളാണ് രണ്ടാമതായി ആർദ്രമീ ആര്യാടിൽ ആസൂത്രണം ചെയ്തത്. ജീവിത ശൈലി രോഗ നിർണയത്തിന് പ്രാഥമിക സർവേ നടത്തി. രോഗസാധ്യത മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാൻ പരിശീലനം നൽകാനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി യോഗ, സുംബാ ഡാൻസ്, പൊതു ജിംനേഷ്യങ്ങൾ തുടങ്ങിയവ ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, വികസന ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയൻ തോമസ് എന്നിവർ പറഞ്ഞു. 2017-18 കാലയളവിൽ 30, 33, 600 രൂപയും , 2018-19ൽ 38, 67, 594 രൂപയും 201920ൽ 60, 72, 780 രൂപയുമാണ് ആർദ്രമീ ആര്യാടിനായി മാറ്റിവെച്ചത്.