തുറവൂർ: പൈപ്പിൽ നിന്ന് വെള്ളം കിട്ടാത്തതിനെത്തുടർന്ന് കിഞ്ഞ രണ്ട് ദിവസമായി തുറവൂർ താലൂക്ക് ആശുപത്രിയിൽ കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ആശുപത്രിയുടെ മുകൾ നിലയിലെ വാർഡുകളിൽ അഡ്മിറ്റായ രോഗികളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.

പഴയ ബ്ലോക്കിലെ ഒന്നാം നിലയിൽ പതിനഞ്ചോളം ബെഡുകളാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ളത്.ഇവിടെ ശൗചാലയങ്ങളിൽപ്പോലും വെള്ളമെത്തുന്നില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആശുപത്രി ജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് ആവശ്യത്തിനു വെള്ളം ലഭിക്കുന്നുണ്ടെന്നും അതിനാലാണ് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഉദ്യോഗസ്ഥർ ചെലുത്താത്തതെന്നും രോഗികൾആരോപിക്കുന്നു. ആശുപത്രിയിലെ വാർഡുകളിലേക്ക് വെള്ളം എത്തിക്കുന്നുണ്ടെന്നും പൈപ്പിലെ വാൽവിന് ഉണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഈ തകരാർ ഉടൻ പരിഹരിച്ചു ആവശ്യത്തിന് വെള്ളം വാർഡുകളിൽ എത്തുന്നുവെന്ന് ഉറപ്പ് വരുത്തുമെന്നും അവർ പറഞ്ഞു.