ആലപ്പുഴ:കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി തോമസ് ചാഴികാടൻ എം.പി ചെയർമാനായുള്ള കേരളാ കോൺഗ്രസ് (എം) ഉപസമിതി യോഗം ഇന്ന് രാവിലെ 9ന് രാമങ്കരി മെമ്മറി ഹോട്ടലിൽ നടക്കും. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതിയോഗത്തിന്റെ തീരുമാനപ്രകാരമാണ് ഉപസമിതിയോഗം .മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, വി.ടി ജോസഫ്, വി.സി ഫ്രാൻസിസ്, ജേക്കബ് തോമസ് അരികുപുറം എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉപസമിതിയോഗത്തിൽ ഉയർന്നുവരുന്ന പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജെന്നിംഗ്സ് ജേക്കബ് അറിയിച്ചു.