അമ്പലപ്പുഴ: കരുമാടി ഞൊണ്ടിമുക്ക് - ഗുരുമന്ദിരം റെയിൽവേ ലെവൽ ക്രോസ് സ്ഥിരമായി അടച്ചിടാനുള്ള റെയിൽവേയുടെ നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. ആലപ്പുഴ-കായംങ്കുളം റൂട്ടിൽ കൂടി ട്രെയിനുകൾ ഓടിത്തുടങ്ങിയ നാൾ മുതൽ ഉള്ളതാണ് അമ്പലപ്പുഴ-തിരുവല്ല റോഡിൽ കടക്കുവാൻ വടക്ക് നിന്ന് എത്തുന്നവർക്ക് എളുപ്പമാർഗമായ ഈ ലെവൽ ക്രോസ്. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിൽപ്പെട്ട മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്.വാർഡുകളിൽ ഉള്ളവർ ഇതുവഴിയാണ് കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്നത് .ലെവൽ ക്രോസ് അടച്ചിട്ടാൽ പ്രദേശ വാസികൾ പിന്നീട് കിഴക്കോട്ട് റെയിൽവേ തന്നെ നിർമ്മിച്ച റോഡിൽ കൂടിയോ അല്ലെങ്കിൽ കഞ്ഞിപ്പാടം- കരുമാടി വിളക്കുമരം ഭാഗത്തെ പടിഞ്ഞാറെ കരയിലുള്ള റോഡിൽ കൂടിയോ രണ്ട് കിലോമീറ്ററോളം യാത്ര ചെയ്ത് വേണം തകഴി - അമ്പലപ്പുഴ റോഡിൽ എത്തേണ്ടത്. അല്ലെങ്കിൽ മാമ്മൂട് വഴി റെയിൽവേ അടിപ്പാത വഴിയും കരുമാടി റോഡിൽ എത്താം. എന്നാൽ വലിയ വാഹനങ്ങൾക്ക് റെയിൽവേ അടിപ്പാത വഴി പോകുവാൻ കഴിയില്ല. ലെവൽ ക്രോസ് അടച്ചിടുന്നതോടെ ഇതുവഴിയുള്ള റോഡും ഉപയോഗശൂന്യമാകും.അറുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഗുരുമന്ദിരം ലെവൽ ക്രോസ് അടച്ച് പൂട്ടുന്നതിനു വേണ്ടി റെയിൽവേ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിക്കുകയും എതിർപ്പ് അറിയിയ്ക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. ലെവൽ ക്രോസ്സ് അടയ്ക്കുന്നത് തടയുന്നതിനായി നാട്ടുകാർ കഴിഞ്ഞ മൂന്ന് ദിവസമായി കാവൽ നിൽക്കുകയാണ് ഇന്ന് അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ ഇരട്ടപ്പാതയുടെ ട്രയൽ ട്രെയിൻ യാത്ര തടയുമെന്നും പ്രദേശവാസികൾ പറഞ്ഞു.