ഹരിപ്പാട്: മുട്ടം കേന്ദ്രമാക്കി പുതുതായി രൂപീകരിച്ച റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30ന് മുട്ടം അനശ്വര ഓഡിറ്റോറിയത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഷിരീഷ് കേശവൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.റോട്ടറി ക്ലബ്ബ് പ്രസ്ഥാനം 100 വർഷം പൂർത്തിയാക്കുന്ന സന്ദർഭത്തിൽ ക്ലബ്ബുകളുടെ പ്രവർത്തനം ഗ്രാമീണ മേഖലകളിലേക്കും സാധാരണ ജനങ്ങൾക്കിടയിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മുട്ടം പ്രദേശം കേന്ദ്രമാക്കി പുതിയ റോട്ടറി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. ചേപ്പാട്, പത്തിയൂർ, ചെട്ടികുളങ്ങര ,പള്ളിപ്പാട് എന്നീ പഞ്ചായത്ത് പ്രദേശങ്ങൾ പ്രധാന പ്രവർത്തന കേന്ദ്രങ്ങളായിരിക്കും. മാലിന്യവിമുക്ത കേരളം (റീച്ച്) പ്രവർത്തനത്തിന്റെ ഭാഗമായി മുല്ലക്കര എൽ.പി സ്കൂൾ ഏറ്റെടുക്കും, പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി ക്യാൻസർ രോഗികൾക്ക് ധനസഹായം, കിഡ്നിരോഗികൾക്ക് ഡയാലിസിസ് നടത്താനുള്ള സഹായം, നിർദ്ധനരായ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായ വിതരണം എന്നിവ വിതരണം ചെയ്യും. ഭാരവാഹികളായ ഹരികുമാർ മാടയിൽ, സുഭാഷ് കുമാർ, പ്രീത്, കെ.ബി അനിൽകുമാർ, റോട്ടറി അസി. ഗവർണർ ഓമനക്കുട്ടൻ ഡ്രീം ലാൻഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.