മാവേലിക്കര :കുത്തിയോട്ട മഹായജ്ഞത്തിന് സമാപനം കുറിച്ച് കുത്തിയോട്ട വീടുകളിൽ ഇന്ന് പൊലിവ് നടക്കും. കുത്തിയോട്ട വഴിപാടിന്റെ ഏറ്റവും പ്രധാനപ്പെട്ടതും ഭക്തി നിർഭരവുമായ അനുഷ്ഠാനമാണ് പൊലിവ്. കുത്തിയോട്ട ചുവടിന്റെയും പാട്ടിന്റെയും സമാപന ചടങ്ങ് കാണാനെത്തുന്നവർ അവരവരുടെ കഴിവിനനുസരിച്ചുള്ള ദ്രവ്യം ദേവിസ്ഥാനത്തിനു മുമ്പിൽ പട്ടുവിരിച്ച പാത്രത്തിൽ കാണിക്കയായിടും.
ദേശത്തെ ഒരു ഭക്തന്റെ വഴിപാടായി കുത്തിയോട്ടം അനുഷ്ഠിക്കുമ്പോഴും മറ്റുളളവർ അവരുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്നും അതിന് അവർക്ക് കുത്തിയോട്ട പന്തലിൽ വെച്ച് വസ്ത്രമുൾപ്പെടെ ദക്ഷിണ നൽകി ആദരിക്കണമെന്നും നിഷ്‌കർഷിച്ചിരുന്നു. ദീപാരാധനയ്ക്കും ദേവീ സ്തുതിക്കും ശേഷം ചുവന്ന പട്ടുവിരിച്ച ഓട്ടുരുളി കുത്തിയോട്ടക്കളത്തിന്റെ പ്രത്യേക സ്ഥാനത്ത് പൊലിവ് തട്ടമായി ഒരുക്കിവക്കും. കുത്തിയോട്ട ആശാൻമാർ പൂർവ്വികമായി ചിട്ടപ്പെടുത്തിവച്ചിരുന്ന പൊലിവ് പാട്ട് പാടാൻ തുടങ്ങിയപ്പോൾ അനുഷ്ടാവകനും കുടുംബവും ആദ്യമായി പൊലിവ് അർപ്പിക്കും. വസ്ത്രവും കാണിക്കയും സഹിതമാണ് ഈ സമർപ്പണം. അതിന് ശേഷം കരനാഥൻമാർ, ബന്ധുമിത്രാദികൾ, കരക്കാർ, ഭക്തർ എന്നീ ക്രമത്തിൽ പൊലിവ് തട്ടത്തിൽ സമർപ്പണം നടത്തും.
പൊലിവ് ചടങ്ങുകൾക്ക് ശേഷം ആശാൻ കുത്തിയോട്ടക്കളത്തിലെ ദേവീസ്ഥാനത്തിന് മുമ്പിൽ മൂന്ന് തൂശനിലകൾ വച്ച് അതിൽ മൂന്ന് പിടിപ്പണം സമർപ്പിക്കും. ഇതിൽ ആദ്യത്തെ പിടിപ്പണം ചെട്ടികുളങ്ങര ഭഗവതിക്കുള്ള വഴിപാടുകൾക്കും രണ്ടാമത്തെ പിടിപ്പണം ദേശത്തെ മറ്റ് ക്ഷേത്രങ്ങളിലേക്കുളള വഴിപാടുകൾക്കും മൂന്നാമത്തെ പിടിപ്പണം അനുഷ്ടാവകന്റെ കുലദൈവത്തിനും ഉള്ളതാണ്. ശേഷിക്കുന്ന പൊലിവ് കാണിക്കയിൽ മൂന്നിലൊന്ന് കരക്കാർക്കും ഒന്ന് കുത്തിയോട്ടക്കാർക്കും ഒരു ഭാഗം വഴിപാടുകാരനും നൽകും.
ആൽവിളക്ക്
വെങ്കലത്തിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ നിലവിളക്ക് എന്ന വിശേഷണമാണ് ചെട്ടികുളങ്ങര ക്ഷേത്രനടയിലെ ആൽ വിളക്കിനുളളത്. ചെട്ടികുളങ്ങര ക്ഷേത്രാവകാശികളായ 13 കരകളെ പ്രതിനിധാനം ചെയ്യുന്ന 13 തട്ടുകളോടുകൂടിയ ആൽവിളക്കിൽ 1001 തിരിയിട്ട് ദീപം തെളിയിക്കാം. വെങ്കല വിളക്ക് 1988 ലാണ് ഇവിടെ സ്ഥാപിച്ചത്. 1350 കിലോ ഭാരവും 11 അടി ഉയരവുമുണ്ട്. ആൽവിളക്ക് കത്തിക്കുന്നത് ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ഡിസംബർ ഒന്നിനാണ് അടുത്ത ഒരു വർഷത്തേക്ക് വിളക്കുകത്തിക്കുന്നതിനുളള ബുക്കിംഗ് നടത്തുന്നത്.
കരകളിലൂടെ............
പേള
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഏഴാമത്തെ കരയാണ് പേള. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് പുഞ്ചനിലത്തോട് ചേർന്ന് പോളകൾ കൊണ്ടു നിറഞ്ഞ സ്ഥലമാണ് പിൽക്കാലത്ത് പേള എന്ന പേരിൽ അറിയപ്പെട്ടത്. മണ്ഡപത്തറയിൽ ഭദ്രകാളിമുടി സ്ഥാപിച്ചിട്ടുള്ള കുതിരയാണ് കരയുടെ കെട്ടുകാഴ്ച. പ്രഭടയിൽ കൃഷ്ണലീലയും അനന്തശയനവുമുണ്ട്. തട്ടാരമ്പലം-ചെട്ടികുളങ്ങര റോഡിൽ പനച്ചമൂട് ജംഗ്ഷനിലാണ് പേള കരയുടെ കെട്ടുകാഴ്ച ഒരുക്കുന്നത്. ഇടക്കൂടാരവും ഇല്ലിത്തട്ടും ഇത്തവണ പുതിയതാണ്.
പേള കരയുടെ ഭാരവാഹികൾ- ജി.വേണുഗോപാൽ (പ്രസിഡന്റ്), വിനോദ് പിള്ള (സെക്രട്ടറി), ഡോ.മധുസൂദനൻപിള്ള (കൺവെൻഷൻ എക്സി.അംഗം), പ്രമോദ്, വിപിൻകുമാർ (കൺവെൻഷൻ അംഗങ്ങൾ).
കടവൂർ
എട്ടാമത്തെ കരയാണ് കടവൂർ. ചെട്ടികുളങ്ങര അമ്മ കടന്നുവന്ന കടവിന്റെ ഊരാണ് കടവൂരായത്. ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറാണ് കരയുടെ സ്ഥാനം. തേരാണ് കെട്ടുകാഴ്ച. കരിപ്പുഴ തോട് കടന്നെത്തിയ ചെട്ടികുളങ്ങര ഭഗവതിയുടെ ആദ്യ പാദസ്പർശമേറ്റത് കടവൂർ കരയിലാണെന്നാണ് വിശ്വാസം. കരയ്ക്ക് വെളിയിൽ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് പടിഞ്ഞാറുള്ള ചാലേത്ത് ജംഗ്ഷനിലാണ് കടവൂർ കരയുടെ കെട്ടുകാഴ്ച അണിയിച്ചൊരുക്കുന്നത്. കതിരുകാലും ചരുവിന്റെയും തട്ടിന്റെയും ഉരുപ്പടികളും ഇത്തവണ മാറ്റുന്നുണ്ട്.
കടവൂർ കരയുടെ ഭാരവാഹികൾ- എൻ.മധുസൂദനൻ പിള്ള (പ്രസിഡന്റ്), എം.മനോജ് കുമാർ (വൈസ് പ്രസിഡന്റ്), ജി.എസ്.ജയകുമാർ (സെക്രട്ടറി), കെ.ലാൽ ജി, വി.രജിത് കുമാർ (കൺവെൻഷൻ അംഗങ്ങൾ).
ആഞ്ഞിലിപ്ര
ഒൻപതാമത്തെ കരയാണ് ആഞ്ഞിലിപ്ര. ക്ഷേത്രത്തിന് വടക്ക് പടിഞ്ഞാറായാണ് കരയുടെ സ്ഥാനം. ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വന്നപ്പോൾ ഭക്ഷണം കഴിച്ച് വിശ്രമിച്ചത് പുതുശേരിയിലെ വൃക്ഷച്ചുവട്ടിലാണെന്നാണ് ഐതിഹ്യം. വൃക്ഷം നിന്നിരുന്ന സ്ഥലത്താണ് ഇന്നത്തെ പുതുശ്ശേരി അമ്പലം സ്ഥിതി ചെയ്യുന്നത്. തേരാണ് കരയുടെ കെട്ടുകാഴ്ച. ചെട്ടികുളങ്ങര ക്ഷേത്ര വളപ്പിലാണ് കരയുടെ കെട്ടുകാഴ്ച ഒരുങ്ങുന്നത്.
ആഞ്ഞിലിപ്ര കരയുടെ ഭാരവാഹികൾ: ജി.മുരളീധരൻപിള്ള (പ്രസിഡന്റ്), എച്ച്.വി.ഗുരുപ്രസാദ് (സെക്രട്ടറി), പി.കെ.റെജി കുമാർ (കൺവെൻഷൻ എക്സി.അംഗം), എസ്.ഷൈനേഷ്, ആർ.ഗോകുൽ (കൺവെൻഷൻ അംഗങ്ങൾ).