ആലപ്പുഴ:കയർ മേഖലയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളിയും സി.പി.ഐയെ പിന്തുണച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കയർ മേഖലയിലെ വിഷയങ്ങളിൽ സി.പി.ഐ നടത്തുന്ന പ്രക്ഷോഭം തികച്ചും ന്യായമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കയർമേഖലയെ ഈ സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന സി .പി.ഐ യുടെ ആരോപണം പൂർണ്മായും ശരിയാണ്. കയർ മേഖലയ്ക്ക് ധനമന്ത്രിയെക്കൊണ്ട് ഉപദ്രവമല്ലാതെ ഉപകാരമൊന്നും ഉണ്ടായിട്ടില്ല.ഇക്കാര്യത്തിൽ സി.പി.ഐയുമായി യോജിച്ചുള്ള സമരത്തിന് യു.ഡി.എഫ് തയ്യാറാണ്. ഫേസ്‌ബുക്കിൽ കഥയെഴുതി ലൈക്ക് കൂട്ടിയാൽ കയർമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന ആഞ്ചലോസിന്റെ അഭിപ്രായം നൂറു ശതമാനവും ശരിയാണ്. ഞങ്ങൾ ഇത് നേരത്തെ പറഞ്ഞിരുന്നു. സി.പി.ഐയ്ക്ക് ഇപ്പോഴെങ്കിലും ബോദ്ധ്യപ്പെട്ടതിൽ സന്തോഷം.

കിഫ്ബി എന്നാൽ അഴിമതിയും ധൂർത്തുമാണ്.അടുത്തമാസം ആലപ്പുഴയിൽ നടക്കുന്ന കിഫ്ബി അവലോകന-പ്രദർശന പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്നും ചെന്നിത്തല അറിയിച്ചു.കിഫ്ബിയിലൂടെ തന്റെ മണ്ഡലത്തിലേക്ക് ഒരു രൂപ പോലും തന്നിട്ടില്ല. കടൽഭിത്തി നിർമ്മാണം നടക്കുന്നേയില്ല. പാവപ്പെട്ടവർക്ക് മരുന്നുവാങ്ങാൻ പണമില്ലാത്തപ്പോഴാണ് കിഫ്ബിയുടെ പേരിൽ ഈ മാമാങ്കമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പോലീസിലെ അഴിമതികൾ പുറത്തുകൊണ്ടുവന്ന ശേഷം തന്റെ ഫോൺകോളുകൾ സ്ഥിരമായി ചോർത്തുന്നുണ്ട്. തലസ്ഥാനത്തെ ചില മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.സർക്കാർ തീ കൊണ്ട് തലചൊറിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.