ആലപ്പുഴ : പൊലീസ് തലപ്പത്ത് നടക്കുന്ന തീവെട്ടിക്കൊള്ളയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പൂർണമായി ശരിവയ്ക്കുന്നതാണ് 180 കോടിയുടെ ഇന്റഗ്രേറ്റഡ് എൻഫോഴ്സ്മെന്റ് പദ്ധതിയുടെ ടെണ്ടർ റദ്ദാക്കാനുള്ള സാങ്കേതിക സമിതിയുടെ ശുപാർശയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോടികൾ കൊള്ളയടിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിപക്ഷ ഇടപെടൽ മൂലം റദ്ദാക്കേണ്ടി വന്നത്. ഇതേക്കുറിച്ച് ആദ്യമായി താൻ വെളിപ്പെടുത്തിയപ്പോൾ ഒരു അഴിമതിയും ഇതിന് പിന്നിലില്ലെന്നായിരുന്നു പൊലീസ് ആസ്ഥാനത്തു നിന്നു വ്യക്തമാക്കിയത്. ടെണ്ടർ ഇറക്കുകയോ കരാർ നൽകുകയോ ചെയ്തിട്ടില്ലെന്നും അന്ന് പറഞ്ഞിരുന്നു.സംസ്ഥാനത്തുടനീളം കാമറകൾ സ്ഥാപിച്ച് ,ട്രാഫിക് ലംഘനങ്ങൾ പിടികൂടാനുള്ള ചുമതല സ്വകാര്യ ഏജൻസിയെ 10 വർഷത്തേക്ക് ഏൽപ്പിക്കാനായിരുന്നു പദ്ധതി.ഇതിലൂടെ കിട്ടുന്ന പിഴത്തുകയുടെ 90 ശതമാനം സ്വകാര്യ ഏജൻസി തട്ടുമ്പോൾ 10 ശതമാനമാണ് സർക്കാരിന് ലഭിക്കുക. ഒരു വർഷം കൊണ്ട് കമ്പനിക്ക് മുടക്കുമുതൽ തിരികെ കിട്ടും.കെൽട്രോണിനെ മുൻനിറുത്തി ചിലരുടെ ബിനാമി കമ്പനിയാണ് ഇതിന് ചരട് വലിച്ചത്.ഇതിന്റെ പിന്നിലെ ഗൂഢാലോചന അടക്കം സമഗ്രമായി അന്വേഷിക്കണം.
160 കോടിയുടെ സിംസ് പദ്ധതിയും മറ്റൊരു തട്ടിപ്പാണ്.പദ്ധതിയുടെ നടത്തിപ്പുകാരായ ഗാലക്സോണിന്റെ മുൻ ഡയറക്ടർമാരിൽ രണ്ട്പേരും അയോഗ്യരാണ്. കരിമ്പട്ടികയിൽപ്പെട്ട ഗാലക്സോണുമായി ഉണ്ടാക്കിയ കരാറും ഉടൻ റദ്ദാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിത്യനിദാന ചെലവിന് കാൽകാശ് കൈയിലില്ലാത്തപ്പോൾ ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ 1.70 കോടി അനുവദിച്ചത് ആർഭാടവും ധൂർത്തുമാണ്. ജനങ്ങളോട് അല്പമെങ്കിലും ഉത്തരവാദിത്വമുണ്ടായിരുന്നെങ്കിൽ ഈ ധൂർത്ത് നടത്തുമായിരുന്നില്ല.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് കഴിഞ്ഞ ദിവസം നടന്ന പരീക്ഷയിൽ പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ആറ് ചോദ്യങ്ങളാണ് കോപ്പിയടിച്ച് വച്ചിട്ടുള്ളത്.ഇത്രയും പ്രധാനപ്പെട്ട പരീക്ഷയ്ക്ക് അലക്ഷ്യമായി എങ്ങനെ ചോദ്യങ്ങൾ തയ്യാറാക്കി. പി.എസ്.സി യുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പി.എസ്.സി ചെയർമാനെ ഉടൻ പുറത്താക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ,ഡി.സി.സി പ്രസിഡന്റ് എം.ലിജു എന്നിവരും പങ്കെടുത്തു.