ആലപ്പുഴ: നവകേരള നിർമ്മിതിക്ക് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം എന്നീ പദ്ധതികളുടെ ഗുണഫലങ്ങൾ ഏറ്റവും അർഹരിലേക്കെത്തിക്കാൻ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞതായി പ്രസിഡന്റ് ജി.വേണുഗോപാൽ പറഞ്ഞു. പദ്ധതിനിർവഹണത്തിൽ നേതൃത്വപരമായ പങ്കുവഹിച്ചു. ജില്ല പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ അവസാന വികസന സെമിനാറിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.അശോകൻ 2020-21 വർഷത്തെ കരട് പദ്ധതി രേഖയും വികസന കാഴ്ചപ്പാടും നയസമീപനവും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, അംഗങ്ങളായ ജേക്കബ് ഉമ്മൻ, ജോൺ തോമസ്, ബിനു ഐസക്ക് രാജു, സെക്രട്ടറി കെ ആർ ദേവദാസ് എന്നിവർ സംസാരിച്ചു.