ഭവന, കൃഷി മേഖലകൾക്ക് ഊന്നൽ
ആലപ്പുഴ: 2020-21 വർഷത്തിൽ വിവിധ പദ്ധതികൾക്കായി ജില്ലാപഞ്ചായത്ത് കരട് രേഖയിൽ വകയിരുത്തുന്നത് 83,77,49,586 രൂപ. ഉത്പാദന മേഖലയിൽ 13,65,19,440 രൂപയും സേവന രംഗത്ത് 36,59,91,560 രൂപയും പശ്ചാത്തല മേഖലയിൽ 6,04,60,000 രൂപയും വകയിരുത്തിയ 13-ാം പഞ്ചവത്സര പദ്ധതി കരട് രേഖയിൽ ഭവന, കൃഷി മേഖലകൾക്കാണ് ഊന്നൽ നൽകിയത്.
ലൈഫ് ഭവന പദ്ധതിക്ക് 11,25,94,200 രൂപയും വനിതാഘടക പദ്ധതിയിൽ 4,56,37,680 രൂപയും വകകൊള്ളിച്ചു. കുട്ടികൾ, ഭിന്നശേഷിയുള്ളവർ, ഭിന്നലിംഗക്കാർ എന്നിവർക്കായി 2,45,18,840 രൂപയുടെയും ശുചിത്വം, ജലസംരക്ഷണം എന്നിവയ്ക്ക് 3,39,06,480 രൂപയുടെയും വയോജനങ്ങൾക്കും പാലിയേറ്റിവ് കെയറിനുമായി 2,27,68,840 രൂപയുടെയും പദ്ധതികൾ ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വികസന സെമിനാറിൽ അവതരിപ്പിച്ച രേഖയിൽ നിർദ്ദേശിക്കുന്നു. ദുരന്ത നിവാരണ പദ്ധതികൾക്കും കുട്ടനാടിനെ മാലിന്യമുക്തമാക്കുന്നതിനും ഫലവൃക്ഷ കൃഷി വ്യാപനത്തിനും പഞ്ചായത്തുകളിൽ ടോയ്‌ലെറ്റ് കോംപ്ലക്‌സിനും വയോക്ലബുകൾ ആരംഭിക്കുന്നതിനും മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന എസ്.സി/എസ്. ടി വിദ്യാർത്ഥികളുടെ പരിശീലനത്തിനും ഗെയിംസ് ഫെസ്റ്റിവലിനും കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാദ്യോപകരണങ്ങൾ നൽകുന്നതിനും കരട് പദ്ധതിരേഖയിൽ നിർദ്ദേശമുണ്ട്.
കരട് പദ്ധതിരേഖയിലെ പ്രധാന നിർദ്ദേശങ്ങൾ:
പാടശേഖര സമിതികൾക്കും ഗ്രൂപ്പുകൾക്കും നെൽകൃഷിക്കായി കൂലിച്ചെലവ് സബ്‌സിഡി നൽകുന്നതിന് ജില്ലാപഞ്ചായത്തുവിഹിതമായി ഒരു കോടിരൂപ
തരിശുഭൂമി കൃഷിയോഗ്യമാക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് 20 ലക്ഷം രൂപയും പാലിന് സബ്‌സിഡി നൽകാൻ 75 ലക്ഷം രൂപയും.
കുട്ടനാട്,അപ്പർ കുട്ടനാട് മേഖലയിൽ എലിവേറ്റഡ് കാറ്റിൽഷെഡ് നിർമ്മാണത്തിനും റിസർവോയറുകളിലും 5 മുതൽ 10 ഹെക്ടർ വരെ വിസ്തൃതിയുള്ള ജലാശയങ്ങളിലും മത്സ്യവിത്ത് നിക്ഷേപിക്കാനും 20ലക്ഷം രൂപ വീതം. സുജലം പദ്ധതിയിൽ കുളങ്ങളുടെയും തോടുകളുടെയും സംരക്ഷണത്തിന് 50 ലക്ഷം രൂപ..
ബഹുവർഷ പ്രോജക്ടായി ജില്ലാപഞ്ചായത്ത് കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ ഏറ്റെടുത്ത താമരച്ചാൽ ജലാശയം നവീകരണത്തിന് ഇക്കുറി 2.05 കോടി.
വിശപ്പുരഹിത കേരളം പദ്ധതിക്കും സഞ്ചരിക്കുന്ന കാൻസർ നിർണയ യൂണിറ്റിനും 25 ലക്ഷം വീതം.
ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്‌കൂട്ടർ നൽകുന്നതിന് 60 ലക്ഷം.
എച്ച്.ഐ.വി ബാധിതർക്കുള്ള പോഷകാഹാര പദ്ധതിയായ 'പാഥേയ'ത്തിന് 55 ലക്ഷം.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് നൽകാൻ 1.25 കോടി.
കുടിവെള്ള പദ്ധതികൾക്കും വിവിധ പഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈറ്റ് എക്സ്റ്റൻഷനു വിഹിതമായും ഒരു കോടി വീതം.