sant

ആലപ്പുഴ :പ്രദേശവാസികളുടെ ഏറെനാളത്തെ കാത്തിരിപ്പിനുശേഷം കന്നിട്ടകടവ് -ശാന്തമംഗലംചിറ റോഡ് നിർമാണം പൂർത്തിയായി. പുറക്കാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്, പ്രളയം ഏറെ നാശം വിതച്ചതും തികച്ചും ഒ​റ്റപ്പെട്ടതുമായ ശാന്തമംഗലം ചിറയെ പുറക്കാട് കന്നിട്ട കടവുമായി ബന്ധിപ്പിക്കുന്ന നടപ്പാത നിർമിച്ചത്.
വർഷങ്ങളായി വെള്ളക്കെട്ടിലായിരുന്ന ഇതുവഴിയിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. മുട്ടോളം വെള്ളത്തിലാണ് മഴക്കാലത്ത് പ്രദേശവാസികൾ സഞ്ചരിച്ചത്.അപകടങ്ങളും പതിവായിരുന്നു.

റോഡ് നിർമാണം പൂർത്തിയായതോടെ വാഹനഗതാഗതം ഉൾപ്പെടെ സാദ്ധ്യമായി. 14 ലക്ഷം രൂപ ചെലവഴിച്ചാണ് കോൺക്രീ​റ്റ് റോഡ് നിർമിച്ചത്. 6 വിദഗ്ദ്ധ തൊഴിലാളികളും 12 തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് 420 തൊഴിൽ ദിനം കൊണ്ടാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. തൊഴിലുറപ്പ് വനിതകൾ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്നതിനൊപ്പം ഗ്രാമീണ വികസനത്തിന് ഊന്നൽ നൽകുന്നത് പഞ്ചായത്തിന് ഏറെ സഹായം ചെയ്യുന്നുണ്ടെന്നു പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് വാഹീബ് പറഞ്ഞു.

പുറക്കാട് പഞ്ചായത്തിൽ ഇത് കൂടാതെ 8 റോഡുകളുടെ നിർമാണമാണ് 20 ലക്ഷം രൂപ ചിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്.