ചങ്ങനാശേരി : കാമുകി വീഡിയോകോളിൽ ലൈവായി നിൽക്കെ യുവാവ് ലോഡ്ജിലെ മുറിയിൽ തൂങ്ങിമരിച്ചു. ആലപ്പുഴ ആലിശ്ശരി മുൻസിപ്പൽ കമ്പിവളപ്പിൽ ഷാസുദ്ദീന്റെ മകൻ ബാദുഷ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി രണ്ടു മണിയോടെ ചങ്ങനാശേരി കവിയൂർ റോഡിലെ പൂച്ചിമുക്കിലെ ലോഡ്ജിലായിരുന്നു സംഭവം.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം ലോഡ്ജിലെ മുറിയിലെത്തിയ ബാദുഷ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു.
യുവാവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട യുവതി, ബാദുഷയുടെ കട ഉടമയെ പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുത്തില്ല. പുലർച്ചെ ആറു മണിയോടെയാണ് ഈ മിസ് കോളുകൾ കട ഉടമ കണ്ടത്. തുടർന്ന് യുവതിയെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻ തന്നെ കടയുടമ ലോഡ്ജിൽ എത്തി ജനലിലൂടെ നോക്കിയപ്പോൾ ബാദുഷയെ തൂങ്ങിയനിലയിൽ കണ്ടെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അടുത്തകാലത്ത് ചങ്ങനാശേരിയിൽ ആരംഭിച്ച ജ്യൂസ് കടയിലെ ജീവനക്കാരനാണ് ബാദുഷ. നേരത്തെ വിവാഹിതനായ ഇയാളുടെ ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനിടെയാണ് പുതിയ പ്രണയം തുടങ്ങിയത്. എന്നാൽ ഇടയ്ക്ക് യുവതിയുമായി പിണങ്ങി. ഇതാണ് ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം. ചങ്ങനാശേരി പൊലീസ് കേസെടുത്തു.
ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. സഹോദരങ്ങൾ:റാബിയ, സിദ്ദീഖ്
.