 അമ്പലപ്പുഴ - ഹരിപ്പാട് ഇരട്ടപ്പാതയിലെ സുരക്ഷാ പരിശോധന തൃപ്തികരം

അമ്പലപ്പുഴ: തീരദേശ പാതയിൽ ഹരിപ്പാടു മതൽ അമ്പലപ്പുഴ വരെ നിർമ്മാണം പൂർത്തിയാക്കിയ ഇരട്ടപ്പാതയിൽ ഇന്നലെ സുരക്ഷാ പരിശോധന നടത്തി.പരിശോധനാ ഫലം റെയിൽവേ അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും തൃപ്തികരമാണെന്ന് അറിയുന്നു. റെയിൽവെ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് പരിശോധന തുടങ്ങിയത്.അമ്പലപ്പുഴ റെയിൽവെ സ്​റ്റേഷനു സമീപം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കീഴ്ശാന്തി സി.പി.അരുണിന്റെ കാർമ്മികത്വത്തിൽ പൂജകൾ നടത്തിയ ശേഷമാണ് എട്ട് പരിശോധനാ ട്രോളികൾ പുറപ്പെട്ടത്.റെയിൽവെ സേഫ്ടി കമ്മീഷൺ (സി.ആർ.എസ്) എം.മാധവൻ, റെയിൽവെ കൺസ്ട്രക്ഷൻ ചീഫ് അഡ്മിനിസ്ട്രേ​റ്റീവ് ഓഫീസർ എ.കെ സിൻഹ, ഡിവിഷണൽ റെയിൽവേ മാനേജർ സിരീഷ് സിൻഹ, കൺസ്ട്രക്ഷൻ ചീഫ് എൻജിനീയർ ഷാജി സ്‌കറിയ,ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജിറോയ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ ട്രോളിയിൽ 8.15 ഓടെ പരിശോധനാ യാത്ര തുടങ്ങിയത്. റെയിൽവെ പ്ലാനിംഗ് ടീം, മെഷർമെന്റ് ടീം, ഇലക്ട്രിക്കൽ ടീം, സെക്യൂരി​റ്റി ടീം, കാ​റ്ററിംഗ് ടീം എന്നിവരടങ്ങിയ സംഘമാണ് മ​റ്റ് ഏഴ് ട്രോളികളിലായി ഉദ്യോഗസ്ഥരെ പിന്തുടർന്നത്.18 കി.മീ​റ്റർ ആണ് അമ്പലപ്പുഴ ഹരിപ്പാട് പാതയുടെ ദൈർഘ്യം.

ഓരോ ഘട്ടത്തിലും സൂക്ഷ്മ പരിശോധന നടത്തിയും ഇടയ്ക്കിടെ നിർത്തിയുമാണ് സംഘം നീങ്ങിയത്. ഉച്ചയോടെ കരുവാറ്റയിലെത്തിയ സംഘം കുറെ സമയം അവിടെ വിശ്രമിച്ച ശേഷമാണ് പരിശോധന തുടർന്നത്.വൈകിട്ട് 5.30 ന് സംഘം ഹരിപ്പാട് സ്റ്റേഷനിലെത്തിയപ്പോഴേക്കും വേഗട്രയൽ നടത്താനുള്ള ട്രെയിൻ അവിടെ സജ്ജമായിരുന്നു.എൻജിന് പുറമെ ഒരു എ.സി.കോച്ച്, ഒഫീഷ്യൽസിനുള്ള പാസഞ്ചർ എ.സി കോച്ച്,ലഗ്ഗജ് കോച്ച് ഉൾപ്പെടെ മൂന്ന് ബോഗികളുള്ള ട്രെയിനാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്.റെയിൽവെ ഉദ്യോഗസ്ഥർമാത്രമടങ്ങിയ 50 ഓളം വരുന്ന സംഘമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. പാളത്തിൽ ചെറുനാരങ്ങ വച്ച് പ്രാർത്ഥനാപൂർവ്വമാണ് 6.09 ന് ട്രെയിൻ പുറപ്പെട്ടത്.ലോക്കോ പൈലറ്റ് സി.ഹരികുമാറും ഗാർഡ് സുനിൽപ്രസാദുമാണ് യാത്ര നിയന്ത്രിച്ചത്.ലൈനിലെ വിള്ളൽ,ഇലക്ട്രിക്കൽ പ്രശ്നങ്ങൾ, സിഗ്നൽ തകരാർ,വേഗത തുടങ്ങി എല്ലാ കാര്യങ്ങളും രേഖപ്പെടുത്താനുള്ള ആധുനിക സംവിധാനം ട്രെയിനിൽ ഏർപ്പെടുത്തിയിരുന്നു.

തുടക്കത്തിൽ സാവധാനം നീങ്ങിയ ട്രെയിൻ ക്രമേണ വേഗം കൂട്ടി.പരമാവധി 130 കിലോമീറ്റർ വേഗം വരെ ആർജ്ജിക്കാനാണ് നിർദ്ദേശം നൽകിയിരുന്നതെങ്കിലും 120 കിലോ മീറ്റർ വരെയാണ് എത്തിയത്.6.25 ഓടെ ട്രെയിൻ അമ്പലപ്പുഴ സ്റ്റേഷനിലെത്തി. വളരെ ചെറിയ ചില പോരായ്മകൾ കണ്ടെങ്കിലും പരിശോധന തികച്ചും തൃപ്തികരമാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഇതു വഴി 80-90 കിലോ മീറ്റർ വേഗത്തിലാവും ട്രെയിനുകൾ ഓടുക.