 സംരക്ഷണ ചുമതല ജില്ലാ ശിശുക്ഷേമ സമിതിക്ക്

അമ്പലപ്പുഴ: രണ്ടാനച്ഛന്റെ ക്രൂര മർദനത്തിന് ഇരയായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മൂന്നു വയസുകാരനെ ഇന്നലെ ഡിസ്ചാർജ് ചെയ്തു.

വളഞ്ഞവഴി പടിഞ്ഞാറ് ആളൊഴിഞ്ഞ വീട്ടിൽ വെച്ചാണ് മൂന്ന് വയസുള്ള കുട്ടിയെ മാതാവിന്റെ മുന്നിൽ വച്ച് രണ്ടാനച്ഛൻ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. കാക്കാഴം പടിഞ്ഞാറ് കടൽഭിത്തിയോട് ചേർന്ന് കടലാക്രമണത്തിൽ തകർന്ന ആളൊഴിഞ്ഞ ഒറ്റപ്പെട്ട വീട്ടിലായിരുന്നു ഇവരുടെ താമസം. മർദ്ദനത്തിൽ കുട്ടിയുടെ ജനനേന്ദ്രിയത്തിന് മുറിവ് പറ്റിയിരുന്നു. കൈകാലുകൾക്കും ശരീരത്തിന് പിന്നിലും മർദനമേറ്റു.കഴിഞ്ഞ മൂന്ന് മാസമായി കുട്ടി ക്രൂര മർദ്ദനത്തിന് ഇരയായിരുന്നു.

കുട്ടിയുടെ ആരോഗ്യനില നല്ലവണ്ണം മെച്ചപ്പെട്ടതിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്തത്. ജില്ലാ ശിശുക്ഷേമ സമിതിയുടെ രണ്ട് പേരും മാതാവിന്റെ ബന്ധുക്കളുമായിരുന്നു കുട്ടിയെ ആശുപത്രിയിൽ പരിചരിച്ചിരുന്നത്. ഇന്നലെ ജില്ലാ കളക്ടർ അഞ്ജന, ജില്ലാ ശിശുക്ഷേമ സമിതി അദ്ധ്യക്ഷ അഡ്വ. ജലജ ചന്ദ്രൻ ,ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മിനി എന്നിവർ ചേർന്ന് കുട്ടിയെ എറ്റുവാങ്ങി. കുട്ടിയുടെ സംരക്ഷണച്ചുമതല ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുട്ടിയുടെ മാതാവും രണ്ടാനച്ഛനും റിമാൻഡിലാണ് .