ആലപ്പുഴ:സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഓരോ പദ്ധതികളും അഴിമതിക്കും സ്വജന പക്ഷപാതത്തിനും വേണ്ടിയാണെന്ന് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് മൂലം സർക്കാർ നട്ടംതിരിയുന്നുവെന്ന് പറയുമ്പോഴും കോടികൾ മുടക്കിയുള്ള ധൂർത്തിന് കുറവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ‌‌ഡ്ജ​റ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കലവൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

1103 കോടിയുടെ അധിക നികുതിയാണ് സംസ്ഥാനത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാകാര്യങ്ങൾക്കും നികുതി വർദ്ധിപ്പിച്ചു. സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല. 5തീരദേശത്ത് 4000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടും ഒന്നും തന്നെ നടക്കുന്നില്ലെന്ന് അദ്ദേഹം കു​റ്റപ്പെടുത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.ചിദംബരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അഡ്വ. ഡി.സുഗതൻ, നേതാക്കളായ എം.രവീന്ദ്രദാസ്, ബഷീർ കോയാപറമ്പിൽ, കെ.ആർ.രാജാറാം, സി.സി. നിസാർ, സി.കെ.വിജയകുമാർ തുടങ്ങിവർ പ്രസംഗിച്ചു.