അരൂർ: ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചു കെ.എസ്.ആർ.ടി.സി.ഇലക്ട്രിക് ബസ് തടഞ്ഞു ഡ്രൈവറെ മർദ്ദിച്ച ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ പിടിയിൽ. അരൂർ തിരുത്താളിൽ ആകാശ് (20), അറക്കൽ ആൽവിൽ (22) എന്നിവരെയാണ് അരൂർ പൊലീസ് പിടികൂടിയത്. കെ.എസ്.ആർ.ടി.സി.ബസ് ഡ്രൈവറായ ഹരികൃഷ്ണനാണ് (30) മർദ്ദനമേറ്റത്.. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഇലക്ട്രിക്ക് ബസ്.ബൈക്കിന് കടന്നു പോകുന്നതിന് വഴി കൊടുത്തില്ല എന്ന കാരണം പറഞ്ഞ് ദേശീയപാതയിലെ അരൂർ പള്ളി സ്റ്റോപ്പിൽ സിഗ്നൽ കാത്തു കിടന്ന ബസിന്റെ മുന്നിൽ ബൈക്ക് നിർത്തി തടയുകയായിരുന്നു. കുണ്ടന്നൂർ മുതൽ ബസിനെ പിൻതുടർന്ന് അരൂർ പള്ളി സിഗ്നൽ കവലയിൽ എത്തിയപ്പോൾ ബൈക്ക് ഓടിച്ചിരുന്ന യുവാവും ഇവിടെ എത്തിയ സുഹൃത്തും ചേർന്ന് ബസ് ഡ്രൈവറെ മർദ്ദിക്കുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തെന്നാണ് പരാതി. ബസ് ഡ്രൈവറുടെ കഴുത്തിൽ കിടന്ന മാല പിടിവലിയിൽ പൊട്ടി.