ആലപ്പുഴ:കയർ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി യോജിച്ച സമരത്തിന് തയ്യാറാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന മുതലക്കണ്ണീരാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പ്രസ്താവനയിൽ പറഞ്ഞു.

രമേശ് ചെന്നിത്തല പ്രതിനിധാനം ചെയ്യുന്ന ഹരിപ്പാട് മണ്ഡലത്തിൽ നൂറുകണക്കിന് കയർ തൊഴിലാളികൾ ഉണ്ടെങ്കിലും അവരുടെ പ്രശ്നങ്ങൾ സബ്മിഷനായി പോലും അദ്ദേഹം നിയമസഭയിൽ അവതരിപ്പിച്ചിട്ടില്ല. ചെന്നിത്തല ആഭ്യന്തരമന്ത്റിയായിരുന്ന കാലത്ത് ഇതിനേക്കാൾ ദയനീയമായിരുന്നു കയർ തൊഴിലാളികളുടെ അവസ്ഥ. ഇതര ട്രേഡ് യൂണിയനുകളെ യോജിപ്പിച്ച് കൊണ്ടുള്ള സമരത്തെക്കുറിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള കയർ തൊഴിലാളി ഫെഡറേഷൻ ആലോചിക്കുമെന്നും ആഞ്ചലോസ് കൂട്ടിച്ചേർത്തു.