ambala

 മകൾക്ക് ഗുരുതര പരിക്ക്

അമ്പലപ്പുഴ : മകൾക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച ഗൃഹനാഥൻ നിയന്ത്രണം തെറ്റിയെത്തിയ മറ്റൊരു ബൈക്കിടിച്ച് മരിച്ചു. മകൾക്കും ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്കും പരിക്കേറ്റു. ദേശീയപാതയിൽ ആനന്ദേശ്വരത്ത് ഇന്നലെ രാത്രി 7.45 ഓടെ ആയിരുന്നു അപകടം

പുറക്കാട് പുന്തല പൊഴിക്കൽ വീട്ടിൽ രാഘവന്റെ മകൻ നാഗേന്ദ്രൻ (55) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൾ നവ്യയെ ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായപുന്നപ്ര കല്ലിട്ടകാവ് ആഷിക് മൻസിലിൽ അൻസാരിയുടെ മകൻ ആഷിക് (19), പുന്നപ്ര കൊല്ലപറമ്പ് അബ്ദുൾ ജലീലിന്റെ മകൻ അൻസാർ (19) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മകളുമായെത്തിയ നാഗേന്ദ്രൻ റോഡരികിൽ ബൈക്ക് നിറുത്തിയപ്പോൾ, തെക്കുഭാഗത്തു നിന്നും എത്തിയ ആഷികും അൻസാറും സഞ്ചരിച്ച ബൈക്ക് ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ നിയന്ത്രണം തെറ്റി ഇവരെ ഇടിച്ചിടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ നാഗേന്ദ്രനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോട്ടപ്പള്ളി ഹാർബറിലെ ലേല കമ്മിഷൻകാരനാണ് മരിച്ച നാഗേന്ദ്രൻ. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ - പ്രശാന്തി. നയനയാണ് മറ്റൊരു മകൾ.