ആലപ്പുഴ : ചൂട് കടുത്തതോടെ നേത്രരോഗങ്ങളും തലപൊക്കി. ചെങ്കണ്ണ് രോഗമാണ് ഇപ്പോൾ വ്യാപകമായിട്ടുള്ളത്. അന്തരീക്ഷത്തിലെ ചൂട് വർദ്ധിക്കുകയും പൊടി പടലങ്ങൾ കൂടുകയും ചെയ്യുമ്പോഴാണ് നേത്രരോഗങ്ങൾ ഉണ്ടാകുന്നത്. വേനൽക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗങ്ങളാണ് ചെങ്കെണ്ണ് ,അലർജി,ഡ്രൈ എെ,കൺകുരു എന്നിവ. നേത്രഗോളത്തിന്റെ ഏറ്റവും പുറമെയുള്ള നേർത്ത ആവരണത്തിൽ ഉണ്ടാകുന്ന അണുബാധയും തുടർന്നുണ്ടാകുന്ന നീർക്കെട്ടുമാണ് ചെങ്കെണ്ണ് അഥവാ കൺജംഗ്റ്റി വൈറീസിന്റെ കാരണം. രക്തക്കുഴലുകൾ വികസിക്കുകയും രക്തപ്രവാഹം കൂടുകയും കണ്ണ് ചുവക്കുകയും ചെയ്യും. കാലാവസ്ഥയിലെ വ്യതിയാനമാണ് രോഗം വ്യാപകമാകാൻ കാരണം. ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്ന് വിവിധ ആശുപത്രികളിൽ ചെങ്കണ്ണ് ബാധിതർ ചികിത്സ തേടി എത്തുന്നുണ്ട്. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാറും. പക്ഷേ വൈറസ് മൂലമുള്ളവ മാറാൻ രണ്ടാഴ്ചയെങ്കിലും എടുക്കും. ചിലർക്ക് പനിയും ജലദോഷവും അനുഭവപ്പെടാം. വേനലിൽ പെട്ടെന്ന് ഉണ്ടാകുന്ന മറ്റൊരു നേത്ര രോഗമാണ് കണ്ണിന്റെ അലർജി. കുഞ്ഞുങ്ങളിലാണ് കൂടുതൽ ഉണ്ടാകുന്നത്. ചൊറിച്ചിൽ,ചുവപ്പ്,നീറ്റൽ,മണൽ വാരിയിട്ട പോലുള്ള അസ്വസ്ഥത എന്നിവയാണ് ലക്ഷണങ്ങൾ. രോഗം വന്നാൽസ്വയം ചികിത്സ ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം . എളുപ്പത്തിൽ പടർന്നു പിടിക്കുന്ന രോഗമായതിനാൽ വീട്ടിൽ ഒരംഗത്തിന് രോഗം വന്നാൽ അത് എല്ലാവരെയും ബാധിക്കാൻ സാദ്ധ്യതയുണ്ട്.
ചെങ്കണ്ണിന്റെ ലക്ഷണം
കണ്ണിനു ചുവപ്പ്, വേദന, ചൊറിച്ചിൽ, പഴുപ്പടിഞ്ഞു പീളകെട്ടുക, വെള്ളമൊഴുകുക, കൺപോളകൾ വിങ്ങിവീർക്കുക തുടങ്ങിയവയാണു ലക്ഷണങ്ങൾ. ചെങ്കണ്ണു ബാധിച്ചാൽ ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകും.
ചികിത്സ
ചെങ്കണ്ണ് സ്ഥിരീകരിച്ചാൽ ചികിത്സ തേടണം, വീട്ടിൽത്തന്നെ വിശ്രമിക്കണം. രോഗം ബാധിച്ചവർ ശുദ്ധജലം ഉപയോഗിച്ച് കണ്ണ് ഇടക്കിടെ കഴുകണം. വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടുള്ളവർ കറുത്ത കണ്ണട ഉപയോഗിക്കുക. ടെലിവിഷൻ കാണുക,വായന എന്നിവ ഒഴിവാക്കണം.
നിയന്ത്രണം
ശുദ്ധ ജലത്തിൽ കണ്ണ് കഴുകുക.
രോഗബാധിതർ ഉപയോഗിച്ച വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത്.
വിനോദ യാത്രകൾ നിയന്ത്രിക്കുക.
ജലാശയങ്ങളിൽ കുളിക്കുന്നത് ഒഴിവാക്കുക.
തൂവാല ഉപയോഗിച്ചും വിരൽ കൊണ്ടും കണ്ണ് തുടക്കാതിരിക്കുക.
'' ജില്ലയിൽ ചെങ്കണ്ണ് വ്യാപനം ശക്തമായിട്ടില്ല. ഒറ്റപ്പെട്ട ചില കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവർ സ്വയം ചികിത്സിക്കരുത്. നേത്രരോഗവിദഗ്ദ്ധനെ കണ്ട് ചികിത്സ നേടണം. സർക്കാർ ആശുപത്രിയിൽ അതിനുള്ള സൗകര്യം ഉണ്ട്.
(ആരോഗ്യ വകുപ്പ് അധികൃതർ)