 കൗൺസിൽ ഹാളിൽ കയറ്റാതെ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ്

 മിനി കോൺഫറൻസ് ഹാളിൽ യോഗം ചേർന്ന് ഭരണപക്ഷം

ആലപ്പുഴ : ചെയർമാന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ആലപ്പുഴ നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ രംഗങ്ങൾ. കൗൺസിൽ ഹാളിലേക്കു പ്രവേശിക്കുന്ന ചവിട്ടുപടിയിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്നതോടെ മിനി കോൺഫറൻസ് ഹാളിൽ ഭരണപക്ഷം കൗൺസിൽ യോഗം ചേർന്നു. ഇവിടേക്കെത്തിയ ബി.ജെ.പി അംഗങ്ങൾ അജണ്ട വലിച്ചു കീറി ഡയസിലേക്കെറിഞ്ഞ ശേഷം ഇറങ്ങിപ്പോയി. കൗൺസിൽ തീർന്നശേഷം, ചെയർമാന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് അംഗങ്ങൾ രണ്ട് മണിക്കൂറോളം നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ചു.ഇന്നലെ രാവിലെ 11നായിരുന്നു കൗൺസിൽ യോഗം നിശ്ചയിച്ചിരുന്നത്.

രാവിലെ 10.40ഓടെ അഞ്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ പ്രവേശിച്ചു. തൊട്ടു പിന്നാലെ പ്രതിപക്ഷ നേതാവ് ഡി.ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് കൗൺസിലർമാർ കോൺഫറൻസ് ഹാളിലേക്കുള്ള കോണിപ്പടി കയറുന്നിതിനിടെ പിന്നാലെ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, നഗരസഭ സെക്രട്ടറി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ കോയപറമ്പിൽ എന്നിവരെത്തി. ഇവർ ഹാളിലേക്ക് കയറാതിരിക്കാനായി ഇടത് അംഗങ്ങൾ കോണിയിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ചു. ഇതോടെ ആദ്യം ഹാളിൽ കയറിയ യു.ഡി.എഫ് അംഗങ്ങൾക്ക് പുറത്തേക്ക് വരാൻ കഴിയാതായി. കൗൺസിൽ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞതോടെ ചെർമാനും ഒപ്പമുണ്ടായിരുന്നവരും താഴത്തെ നിലയിലുള്ള മിനി കോൺഫറൻസ് ഹാളിൽ പ്രവേശിച്ചു. 11.10ന് യു.ഡി.എഫ് കൗൺസിലർമാരും രണ്ട് സ്വതന്ത്ര അംഗങ്ങളും രണ്ട് പി.ഡി.പി അംഗങ്ങളും ചേർന്ന് മിനി കോൺഫറൻസ് ഹാളിൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ അദ്ധക്ഷതയിൽ നഗരസഭാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ കൗൺസിൽ യോഗം ചേർന്നു. 64 കോടി രൂപയുടെ വാർഷിക പദ്ധതികൾ ചർച്ച കൂടാതെ അംഗീകരിച്ചു. 69 അജണ്ടകളിൽ ഒന്നൊഴികെ എല്ലാം 20മിനിട്ടിനുള്ളിൽ അവസാനിച്ച കൗൺസിൽ യോഗം അംഗീകരിച്ചു. ഇന്നലത്തെ യോഗം ചട്ടവിരുദ്ധാണെന്ന് എൽ.ഡി.എഫ്-ബി.ജെ.പി അംഗങ്ങൾ ആരോപിച്ചു. നഗരസഭ കെട്ടിടത്തിൽ എവിടെവേണമെങ്കിലും നിയമപ്രകാരം യോഗം ചേരാമെന്ന് ചെയർമാൻ വ്യക്തമാക്കി. സൗത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും രാവിലെ മുതൽ നഗരസഭയിൽ കാവലുണ്ടായിരുന്നു.

അജണ്ട കീറി ബി.ജെ.പി

യോഗം തുടങ്ങമ്പോൾ മുതൽ മിനി കോൺഫ്രറൻസ് ഹാളിന് മുന്നിൽ നിന്ന കൗൺസിലർ ഹരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിലേയ്ക്ക് തള്ളികയറി മുദ്രാവാക്യം വിളിച്ചു അജണ്ട വലിച്ചു കീറി ഡയസിലേക്ക് എറിഞ്ഞ ശേഷം യോഗം ബഹിഷ്കരിച്ച് പുറത്തേക്ക് ഇറങ്ങി. ബി.ജെ.പി അംഗങ്ങൾ എത്തുന്നതിന് മുമ്പ് തന്നെ അജണ്ടകൾ മുഴുവൻ പാസാക്കിയതിനാൽ യോഗം അവസാനിച്ചതായി ചെയർമാൻ അറിയിച്ചു.

സെക്രട്ടറിയെ ഉപരോധിച്ചു

ഉച്ചയ്ക്ക് 12മണിയോടെ തന്റെ മുറിയിൽ എത്തിയ സെക്രട്ടറിയെ എൽ.ഡി.എഫ് അംഗങ്ങൾ രണ്ട് മണിക്കൂർ നേരം തടഞ്ഞുവച്ചു.മുകളിലത്തെ കൗൺസിൽ ഹാളിൽ അകപ്പെട്ട യു.ഡി.എഫ് അംഗങ്ങൾ ഹാജർബുക്കിൽ ഒപ്പിട്ടിരുന്നില്ലെന്നും ചെയർമാൻ തന്നിഷ്ടപ്രകാരം തോന്നിയിടത്ത് യോഗംനടത്തിയെന്നും ആരോപിച്ച പ്രതിപക്ഷം മിനിട്ട് ബുക്ക്‌സ് കാണിക്കമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയെ ഉപരോധിച്ചത്. ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്ന ഉറപ്പിനെ തുടർന്ന് രണ്ട് മണിയോടെ ഉപരോധം അവസാനിപ്പിച്ചു.

ഹൈക്കോടതി നിരീക്ഷണത്തിൽ

അന്വേഷണേ വേണം

എൽ.ഡി.എഫ്. ഭരണകാലത്തെ അഴിമതി സംബന്ധിച്ച് ഹൈക്കോടതി നീരിക്ഷണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന പ്രമേയം കൗൺസിൽ യോഗം പാസാക്കി. അടുത്തദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചു. ആലപ്പുഴ കുടിവെള്ളപദ്ധതി, അറവുശാല, ഇ.എം.എസ്. സ്റ്റേഡിയം, ടൗൺഹാളിന്റെ പുനരുദ്ധാരണം തുടങ്ങിയവയ്ക്കെതിരെയാണ് അന്വേഷണം ആവശ്യപ്പെടുന്നത്.

''കൗൺസിൽ നടത്താതിരിക്കാനുള്ള ശ്രമം നഗരത്തിലെ വികസനപ്രവർത്തനത്തെ ഇല്ലാതാക്കാനാണ്. മാർച്ച് ഒന്നിന് പദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയാലെ 64കോടി രൂപയുടെ വികസന നടത്താൻ കഴിയൂ. തനിക്ക് എതിരെ തെളിവില്ലാത്ത അഴിമതി ആരോപണം ഉന്നയിച്ച് വികസന പ്രവർത്തനം തടസപ്പെടുത്താൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലു വിളിയാണ്.

ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ

''10ലക്ഷം രൂപയുടെ കൈക്കൂലി ആരോപണത്തിൽപ്പെട്ട ചെയർമാൻ രാജിവയ്ക്കും വരെ പ്രതിപക്ഷം സമരവുമായി മുന്നോട്ട് പോകും. ചട്ടവിരുദ്ധമായി യോഗം നടത്താൻ അനുമതി നൽകിയ സെക്രട്ടറിക്കെതിരെ സർക്കാരിൽ പരാതി നൽകും.

ഡി.ലക്ഷ്മണൻ, പ്രതിപക്ഷ നേതാവ്,നഗരസഭ


''ചെയർമാനെതിരെയുള്ള ആരോപണത്തെ തുടർന്ന് നാളുകളായി കൗൺസിൽ ചേർന്നിരുന്നില്ല. ഇന്നലത്തെ കൗൺസിൽ യോഗം ചട്ടപ്രകാരമല്ല നടത്തിയത്.

ആർ.ഹരി, ബി.ജെ.പി കൗൺസിലർ