 ആറാട്ടുവഴി കടൽത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു

ആലപ്പുഴ: തീരം സംരക്ഷിക്കാൻ ഒന്നിച്ചിറങ്ങി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറാട്ടുവഴി കടൽത്തീരത്ത് കാറ്റാടിമരങ്ങൾ നട്ട് ജൈവസംരക്ഷണ ഭിത്തി തീർക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ആറാട്ടുവഴി വാർഡിലെ ഒരേക്കർ സ്ഥലത്താണ് കാറ്റാടി മരങ്ങൾ നടുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പദ്ധതിയുടെ ചുമതല.
അടിക്കടിയുണ്ടാകുന്ന കടലാക്രമണം ആറാട്ടുവഴി തീരത്ത് താമസിക്കുന്നവർക്ക് പേടിസ്വപ്നമാണ്. മത്സ്യത്തൊഴിലാളികളുടെ ജോലികൾക്കും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും തടസമുണ്ടാക്കാത്ത വിധമാണ് കാറ്റാടി മരങ്ങൾ നടുന്നത്. പരിസ്ഥിതി സൗഹൃദമാണെന്നതും കടൽഭിത്തി കെട്ടുന്നതിനേക്കാൾ ചെലവ് കുറവാണെന്നതും കാറ്റാടി ഉപയോഗിച്ചുള്ള ജൈവവേലിയുടെ പ്രധാന സവിശേഷതകളാണ്.

കാറ്റാടി വച്ചാൽ

കാറ്റാടി തൈകൾ ഒരു മീറ്റർ അകലത്തിൽ വച്ചുപിടിപ്പിച്ചാൽ വേരുകൾ പരസ്പരം കെട്ടുപിണഞ്ഞ് മണ്ണൊലിപ്പ് തടയും.

ഇലകൾ കൊഴിഞ്ഞുവീണ് ഒരു ജൈവ ആവരണം രൂപപ്പെടുകയും മറ്റ് വൃക്ഷങ്ങൾ വളർന്നുവരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ജലസ്രോതസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിർത്തുകയും ചെയ്യും

കരിങ്കൽ ഭിത്തിക്കുപകരം ജൈവവേലി രൂപപ്പെടുത്തിയാൽ തീരത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനാകുമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

......

ആദ്യ ഘട്ടം

# സ്ഥലം : ഒരേക്കർ

# ചെലവ്: ₹ 120,965

# നടുന്ന തൈകൾ: 2400

# തൊഴിൽ ദിനങ്ങൾ: 407

'' കടലാക്രമണഭീഷണിയുള്ള ആറാട്ടുവഴി വാർഡിലെ തീരപ്രദേശത്ത് കാറ്റാടിമരങ്ങൾ നടുന്നതിലൂടെ കടലാക്രമണവും മണ്ണൊലിപ്പും തടയുകയും അങ്ങനെ തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം

കെ.ആർ പ്രമോദ്

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്