ആലപ്പുഴ: കേരഗ്രാമം പദ്ധതിയിലൂടെ നാളികേര കൃഷിയെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാക്കി മാറ്റുമെന്ന് മന്ത്റി വി. എസ്.സുനിൽ കുമാർ പറഞ്ഞു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരഗ്രാമം പദ്ധതി സംസ്ഥാനത്തിലെ 389 ഓളം പഞ്ചായത്തുകളിൽ ആരംഭിച്ചു. എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും.
തെങ്ങുകളുടെ സമഗ്ര പരിപാലനവും പ്രചരണവും പദ്ധതിയിലൂടെ നടപ്പാക്കും. ഡ്രിപ്പ് ഇറിഗേഷൻ പോലുള്ള ശാസ്ത്രീയ രീതിയിലൂടെ ജലസേചനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
യു. പ്രതിഭ എം. എൽ. എ അദ്ധ്യക്ഷയായി. ജീവനി പോഷകത്തോട്ടം തൈ വിതരണോദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജദേവ് നിർവഹിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി.പണിക്കർ പദ്ധതി വിശദീകരിച്ചു.
ഭരണിക്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി. വാസുദേവൻ, കൃഷി ഓഫീസർ ബി. പ്രീത കുമാരി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ലത മേരി ജോർജ്, വി. അനിത തുടങ്ങിയവർ പങ്കെടുത്തു.