thilothaman

ആലപ്പുഴ: സംസ്ഥാനത്തെ ഭക്ഷ്യഗോഡൗണുകളിൽ ഉടൻ സി.സി.ടി വികൾ സ്ഥാപിക്കുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. ചില ഗോഡൗണുകളിൽ നിന്ന് അരി കാണാതായ സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും അദ്ദേഹം ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ആലപ്പുഴ കടപ്പുറത്തെ ഗോഡൗണിൽനിന്നും അരി കാണാതായത് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാൻ വകുപ്പ് മേലധികാരികൾക്ക് നിർദ്ദേശം നൽകി. അമ്പലപ്പുഴ താലൂക്കിലേയ്ക്ക് വേണ്ട റേഷൻ ഭക്ഷ്യധാന്യം സംഭരിക്കുന്ന ഗോഡൗണിൽ നിന്നാണ് കഴിഞ്ഞ ദിവസം 150 ടൺ അരി കാണാതായത്. എഫ്.സി.ഐയിൽ നിന്ന് സംഭരിച്ച ചാക്കരിയും പച്ചരിയും സ്വകാര്യ മില്ലുകളിൽ നിന്ന് സംഭരിച്ച കുത്തരിയും ഉൽപ്പടെ 3000 ചാക്കാണ് കാണാതായത്. കൊട്ടാരക്കരയിലും സമാന രീതിയിലുള്ള സംഭവം ഉണ്ടായി. 100 ടൺ ഭക്ഷ്യ ധാന്യമാണ് കാണാതായത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

എഫ്.സി. ഐയിൽ നിന്ന് ഗോഡൗണിലേയ്ക്കും അവിടെനിന്ന് റേഷൻ വ്യാപാരികളിലേയ്ക്കും ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്നത് ഒരേ വാഹനത്തിൽ തന്നെയാക്കാൻ സംവിധാനം ഏർപ്പെടുത്തും. ഇ പോസ് ത്രാസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇ കാർഡ് സംവിധാനത്തിലേയ്ക്ക് ഉടൻതന്നെ റേഷൻ വിതരണ രംഗം മാറുമെന്നും മന്ത്റി പറഞ്ഞു.