ചെണ്ടയും കോലുമില്ലാത്ത മേളത്തിന് ലൈക്ക് 2 ലക്ഷം!
ആലപ്പുഴ: അടുത്തെവിടെ ചെണ്ടപ്പുറത്ത് കോല് വീണാലും ഈ മൂന്നാം ക്ളാസുകാരൻ അവിടെ ഹാജരുണ്ടാകും. വെറുതെ കാണാനല്ല, മേളത്തിന്റെ താളവും കൈകളുടെ വഴക്കവും ആ കുഞ്ഞുബുദ്ധിയിൽ ഒപ്പിയെടുക്കും. തിരിച്ച് വീട്ടിലെത്തിയാൽ പിന്നെ കതകിലും ഊണ് പാത്രത്തിലും ചരുവം കമഴ്ത്തിവച്ചും നിർത്താതെ കൊട്ട് തുടങ്ങും.
എന്നാൽ ഇന്ന് ചെണ്ടയും കോലുമില്ലാതെ വാർത്തയിൽ ഇടം പിടിക്കുകയാണ് ഈ പയ്യൻ.
തലവടി ചെത്തിപ്പുരയ്ക്കൽ ഗവ. എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി സനൂപിന്റെ മേളമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ക്ളാസ് മുറിയിലെ ഡെസ്കിലാണ് സനൂപ് താളം പിടിക്കുന്നത്. കോലിന് പകരം വെറും കൈകളും. എന്നാലെന്ത് നാട്ടിലും മറുനാട്ടിലും വരെയെത്തി മേളപ്രകടനത്തിന്റെ പെരുമ. ഇതിനകം രണ്ടു ലക്ഷത്തിൽപ്പരം പേർ വീഡിയോ ലൈക്ക് ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 'ഓരോ കുട്ടിയും പ്രതിഭ എന്ന പേരിൽ വിവിധ പരിപാടികൾ സ്കൂളിൽ അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഉച്ചഭക്ഷണ സമയ ശേഷമുള്ള ഇടവേളയിൽ ആയിരുന്നു സനൂപിന്റെ പ്രകടനം. 15 മിനിറ്റിലേറെ നിർത്താതെ താളം പിടിക്കുന്നത് കണ്ട് സ്കൂളിലെ അദ്ധ്യാപകൻ ജയശങ്കർ തന്റെ മൊബൈൽ കാമറയിൽ പകർത്തി. ഇത് പിന്നീട് പോസ്റ്റ് ചെയ്തപ്പോൾ നവ മാധ്യമങ്ങളിൽ തരംഗമാകുകയായിരുന്നു. ഒൻപതുകാരന്റെ തകർപ്പൻ പ്രകടനം ആയിരത്തിലേറെ പേരാണ് വിവിധ മാധ്യമങ്ങളിൽ ഷെയർ ചെയ്തത്. ഫെയ്‌സ് ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളിൽ ഇതിനോടകം ഈ കൊച്ചു കലാകാരന്റെ കഴിവ് ലക്ഷത്തിൽ അധികം പേർ പങ്കുവച്ചു.
കേട്ടറിഞ്ഞ് പഠനം
ആരുടെയും ശിക്ഷണത്തിലല്ല ഈ കുരുന്ന് മേളം പഠിച്ചത്. വീട്ടിലെ വിവിധ സാധനങ്ങളിൽ ദിവസങ്ങളോളം സ്വയം പരിശീലനം നടത്തിയാണ് മേളപ്രകടനം നടത്തിയത്. ഇതിന് പുറമേ സന്തമായി എഴുതിയ കവിതകൾക്ക് ഈണം നൽകി പാടുന്നതിലും മിമിക്രിയിലും മോണോആക്ടിലുംസനൂപിന് പ്രത്യേക സിദ്ധിയുണ്ട്. സാമ്പത്തിക പരാധീനതയിലും മകനെ മികച്ച മേളക്കാരൻ ആക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും ഈ കുടുബത്തിന് കഴിയുന്നില്ല. സുമനസുകളുടെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ ചെറിയ കുടുംബം. തെങ്ങുകയറ്റ തൊഴിലാളിയായ തലവടി കടിയന്തറ കിഴക്കേതിൽ ശശി-സന്ധ്യ ദമ്പതികളുടെ മകനാണ് സനൂപ്. സഹോദരൻ സന്ദീപ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഓരോ കുട്ടിയും ഒരു പ്രതിഭയാണ് എന്ന സ്‌കൂൾ പദ്ധതിക്ക് പ്രധാന അദ്ധ്യാപകൻ എം.കെ.അശോക്. കെ.ഐ.സുനു, അശ്വതി, ബിന്ദു, പി.വി.ഓമന, ശ്രീജ എന്നിവരാണ് നേതൃത്വം നൽകുന്നത്.