അമ്പലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം മറവുചെയ്യാനെത്തിയ പഞ്ചായത്ത് ജീവനക്കാരൻ മൃതദേഹം അടക്കം ചെയ്യാതെ മുങ്ങി. ഒപ്പമെത്തിയ പൊലീസുകാരൻ മൃതദേഹത്തിന് കാവലായി മണിക്കൂറുകളോളം നിന്നു. ഇന്നലെ രാവിലെ ബുധനൂർ പഞ്ചായത്തിലെ ജീവനക്കാരനുമായെത്തിയ സി. പി .ഒ അരുണാണ് മോർച്ചറിക്ക് മുന്നിൽ മൃതദേഹവുമായി കുടുങ്ങിയത്. ഒടുവിൽ ആർ .എം. ഒയുടെ അനുമതി വാങ്ങി മൃതദേഹം വീണ്ടും ഫ്രീസറിലേക്ക് മാറ്റി.
കഴിഞ്ഞ 13ന് ബുധനൂർ കൊറ്റമേൽ പാലത്തിനുസമീപം അച്ചൻകോവിൽ ആറ്റിൽനിന്ന് കിട്ടിയ 65 വയസുപ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്നാണ് പഞ്ചായത്തിലെ എൽ. ഡി ക്ലാർക്കുമായി പൊലീസ് സി. പി .ഒ എത്തിയത്. മൃതദേഹം പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ അനുമതി വാങ്ങിവരാമെന്ന് പറഞ്ഞ് ആലപ്പുഴ നഗരസഭയിലേക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പിന്നീട് കണ്ടില്ലെന്ന് പൊലീസുകാരൻ പറഞ്ഞു. മറ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം രണ്ടു മണിയോടെ മോർച്ചറിയുടെ പുറത്തിറക്കി. പഞ്ചായത്ത് ജീവനക്കാരനെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചില്ലത്രെ. 16 ദിവസത്തോളം പഴക്കമുള്ള മൃതദേഹത്തിന് പൊലീസുകാരൻ രണ്ടു മണിക്കൂറോളം കാവൽ നിന്നു. വീണ്ടും വൈകിട്ട് 5 ഓടെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പൊതുശ്മശാനത്തിൽ അടക്കം ചെയ്യാൻ നഗരസഭ അനുമതി നൽകാത്തതിനാൽ ബുധനൂരിലേക്ക് താൻ മടങ്ങിപ്പോയെന്ന മറുപടിയാണ് ജീവനക്കാരൻ നൽകിയത്. പിന്നീട് മൃതദേഹം ഫ്രീസറിലേക്ക് മാറ്റിയ ശേഷം പൊലീസുകാരനും മടങ്ങി .