photo

ചേർത്തല:റോഡ് നിർമ്മാണത്തിനായി ടാർ മിക്സ് ചെയ്ത് വന്ന ടോറസ് ലോറി സ്വകാര്യ ബസിലിടിച്ച് നഗര ഹൃദയത്തിൽ വാഹന ഗതാഗതം തടസപ്പെട്ടു.പിന്നാലെ വന്ന ഓട്ടോ റിക്ഷയിൽ ബസിടിച്ച് ഓട്ടോ റിക്ഷയുടെ മുൻ ഭാഗം പൂർണമായി തകർന്നു.ചേർത്തല-എറണാകുളം റൂട്ടിൽ ഓടുന്ന ഗുരുദേവ ബസിലാണ് നിയന്ത്രണം തെറ്റി വന്ന ടോറസ് ലോറി ഇടിച്ചത്.സർവീസ് അവസാനിപ്പിച്ച ശേഷം ഗേൾസ് ഹൈസ് സ്കൂളിന് കിഴക്ക് വശത്തെ പെട്രോൾ പമ്പിൽ ബസ് പാർക്ക് ചെയ്യുന്നതിനായി പോകുന്നതിനിടെ ബസ് സ്റ്റാൻഡിന് മുന്നിൽ വെച്ചാണ് എതിരെ വന്ന ടോറസ് ലോറി ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിന് കുറുകെ തെന്നി മാറിയ ബസ് പിന്നിൽ സഞ്ചരിച്ചിരുന്ന ചക്കരകുളം സ്വദേശി സുരേഷിന്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.വാരനാട്ടേയ്ക്ക് യാത്രക്കാരുമായി പോകുകയായിരുന്നു ഓട്ടോ റിക്ഷ.ഇടിയുടെ ആഘാതത്തിൽ ഓട്ടോ റിക്ഷയുടെ മുൻ ഭാഗം പൂർണമായി തകർന്നു.ഓട്ടോയിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഇടിയുടെ ആഘാതത്തിൽ സ്റ്റിയറിംഗുമായി ബന്ധം വിഛേദിക്കപ്പെട്ട ലോറി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസുകൾ പുറത്തേയ്ക്ക് പോകുന്ന ഭാഗത്ത് കിടക്കുകയാണ്.മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു.ചേർത്തല-തണ്ണീർമുക്കം റോഡിന് കുറുകെ കിടന്ന ബസ് പൊലിസിന്റെ നിർദ്ദേശത്തെ തുടർന്ന് ബസ് സ്റ്റാൻഡിലേയ്ക്ക് മാറ്റി.സംഭവത്തിൽ ആർക്കും പരിക്കില്ല.