എട്ടു മാസത്തിനുള്ളിൽ തീർക്കും

ആലപ്പുഴ:നഗരത്തിലെ പുരാതനവും ദേശീയപാതയിലെ പ്രധാനപ്പെട്ടതുമായ ശവക്കോട്ട പാലത്തിന്റെ വീതി കൂട്ടൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി.നിലവിലുള്ള പാലത്തോട് ചേർന്ന് പുതിയ പാലവും അതിന് സമാന്തരമായി നടപ്പാലവുമാണ് നിർമ്മിക്കുന്നത്.പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള പ്രാഥമിക ഒരുക്കങ്ങളാണ് ഇന്നലെ തുടങ്ങിയത്. അടുത്ത ആഴ്ച ആദ്യത്തെ പൈൽ നിർമ്മാണം തുടങ്ങും.

മണ്ണ് കോരി ഒരു മീറ്ററോളം അടിത്തട്ട് താഴ്ത്തുകയും കനാലിന്റെ വശങ്ങൾ ലെവൽ ചെയ്യുകയുമടക്കമുള്ള ജോലികളാണ് ഇന്നലെ ആരംഭിച്ചത്. ഇത്തരം പ്രാഥമിക ജോലികൾ തീർക്കാൻ ഒരാഴ്ച വേണ്ടിവരും. അതിനുശേഷം തെക്കു വശത്ത് ആദ്യത്തെ പൈൽ നിർമ്മിക്കും. രണ്ട് മാസത്തിനുള്ളിൽ തെക്കുവശത്ത് ആറുപൈലുകളുടെ നിർമ്മാണം പൂർത്തിയാക്കും. അടുത്ത രണ്ട് മാസത്തിനുള്ളിൽ വടക്കുവശത്തും സമാനമായ രീതിയിൽ ആറ് പൈലുകൾ തീർക്കും. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ എട്ടു മാസം കഴിയുമ്പോൾ ശവക്കോട്ട പാലം എല്ലാ വീർപ്പുമുട്ടലുകളും മാറി വിശാലമാവും.

ശവക്കോട്ട പാലം, കൊമ്മാടി പാലം പാക്കേജ് -28.45 കോടി

28.45

ശവക്കോട്ട പാലത്തിന്റെ വീതി കൂട്ടൽ, കൊമ്മാടി പാലം പൊളിച്ചു പണി,രണ്ട് പാലങ്ങളെയും ബന്ധിപ്പിക്കുന്ന രണ്ട് കിലോമീറ്റർ റോഡ് നിർമ്മാണം -എല്ലാം കൂടി ചേർത്ത് 28.45 കോടിയാണ് നിർമ്മാണത്തിന് ചെലവിടുന്നത്.

12

പഴയ ശവക്കോട്ട പാലത്തോട് ചേർന്ന് 12 മീറ്റർ വീതിയിൽ പുതിയ പാലം, അതിന് സമാന്തരമായി ആറ് മീറ്റർ വീതിയിൽ നടപ്പാലം

21

കൊമ്മാടി പാലം പൊളിച്ച് 21 മീറ്റർ വീതിയിൽ പുതിയ പാലം തീർക്കും.

അടുത്തത് കൊമ്മാടിപ്പാലം

ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ശവക്കോട്ട പാലത്തിന്റെ ജോലികൾ തീർത്ത ശേഷമാവും കൊമ്മാടി പാലത്തിന്റെ നിർമ്മാണം ആരംഭിക്കുക. എന്നാൽ ഇതിനുള്ളിൽ ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുത്താൽ കൊമ്മാടി പാലത്തിന്റെ പണിയും ഇതോടൊപ്പം നടക്കും. പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനാണ് നിർമ്മാണത്തിന്റെ മേൽനോട്ടം. രണ്ട് പാലങ്ങളും യാഥാർത്ഥ്യമാവുന്നതോടെ ആലപ്പുഴ നഗരത്തെ വീർപ്പു മുട്ടിക്കുന്ന ഗതാഗത തിരക്കിന് നല്ല ശമനമുണ്ടാവും.