ആലപ്പുഴ: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാല് ഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചെന്ന് മന്ത്റി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്റി. ജില്ലയിലെ ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ചെല്ലാനം ഹാർബർ ഈ വർഷം കമ്മീഷൻ ചെയ്യും. അർത്തുങ്കൽ ഹാർബർ രണ്ട് വർഷം കൊണ്ട് കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്റി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ, വാർഡ് അംഗം ഹെർബിൻ പീറ്റർ, ഫാ.ക്രിസ്റ്റഫർ അർത്ഥശ്ശേരി, ചീഫ് എൻജിനീയർ പി.കെ.അനിൽകുമാർ, ജോമോൻ കെ.ജോർജ്, ലിൻഡ ഇ എന്നിവർ പങ്കെടുത്തു.