ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്ന് നേതാക്കളെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. സി.പി.ഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എഫ്.ലാൽജി, എ.ഐ.വൈ.എഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് ജോമോൻ, സെക്രട്ടറി സുബീഷ് എന്നിവരെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കാനാണ് ഇന്നലെ ചേർന്ന ജില്ലാ കൗൺസിൽ, ജില്ലാ എക്സിക്യൂട്ടീവ് യോഗങ്ങൾ തീരുമാനിച്ചത്. ഈ വിഷയത്തിൽ കിസാൻ സഭ നേതാവ് ഉൾപ്പെടെ മൂന്നു പേരെ നേരത്തേ പുറത്താക്കിയിരുന്നു.
2019 ജൂലായ് 26 നാണ് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും കാനം രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചത്. എറണാകുളത്ത് സി.പി.ഐയുടെ പൊലീസ് സ്റ്റേഷൻ മാർച്ചിൽ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എം.എൽ.എ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദ്ദിച്ചതിൽ കാനത്തിന്റെ നിലപാടിനെ വിമർശിച്ചായിരുന്നു പോസ്റ്റർ. സമീപത്തെ സി.സി.ടി വി കാമറകളിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് കെ.ചന്ദ്രൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ പാർട്ടി അന്വേഷണ കമ്മിഷനായി നിയമിച്ചു. കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.