അമ്പലപ്പുഴ : മദ്യലഹരിയിൽ ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോയിലെ ഡ്രൈവർ കറുകച്ചാൽ കങ്ങഴ പാറയ്ക്കൽ രവീന്ദ്രനെ (54) യാണ് പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 5.30 ഓടെ പറവൂരിൽ വച്ച് രവീന്ദ്രൻ ഓടിച്ചിരുന്ന, ആലപ്പുഴയിൽനിന്നു തെങ്കാശിയിലേക്കു പോവുകയായിരുന്ന ബസ് ഒരു ബൈക്കിൽ തട്ടി. അപകടമുണ്ടാക്കിയിട്ടും ബസ് നിറുത്താതെ പോയതോടെ നാട്ടുകാർ പൊലിസിനെ വിവരം അറിയിച്ചു. തുടർന്നു പുന്നപ്ര സ്റ്റേഷനു മുന്നിൽ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. യാത്രക്കാരെ മറ്റു ബസിൽ കയറ്റി വിട്ടതിനു ശേഷം ഡ്രൈവറെ വൈദ്യ പരിശോധനക്കു വിധേയമാക്കി. മുമ്പ്, രവീന്ദ്രൻ ഓടിച്ചിരുന്ന ബസ് ബൈക്കിൽ ഇടിച്ചു മാതാപിതാക്കളോടൊപ്പം സഞ്ചരിച്ചിരുന്ന കുട്ടി മരിച്ച സംഭവമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.