ആലപ്പുഴ: ഒരു ഭാഗത്ത് നഗരം മാലിന്യരഹിതമാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോൾ ഇടറോഡുകളുടെയും കാനകളുടെയും മറ്റും അവസ്ഥ എന്താണ്? ശുചിത്വ ബോധം ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്തവരെന്ന് തെളിയിക്കുകയാണ് നഗരവാസികൾ.
ഡയപ്പറുകൾ, പ്ലാസ്റ്റിക് കവറുകൾ, ബിസ്‌കറ്റ് കവറുകൾ, പാൽ കവറുകൾ, ഗ്ലാസുകൾ, സഞ്ചികൾ, പഴത്തൊലി, ഭക്ഷണത്തിന്റെ അവശിഷ്ടം, പച്ചക്കറി മാലിന്യം തുടങ്ങിയ മാലിന്യങ്ങൾ കിറ്റുകളിലാക്കി വലിച്ചെറിയുകയാണ് നഗരവാസികൾ.
നഗരം മാലിന്യമുക്തമാക്കുന്ന യജ്ഞം ഒരു ഭാഗത്ത് നടക്കുമ്പോഴും നഗരത്തിലെ ഇടറോഡിലേക്കും സ്വകാര്യ പറമ്പുകളിലേക്കും മാലിന്യം വലിച്ചെറിയുന്നത് വ്യാപകമാകുന്നു. തത്തംപള്ളി, കിടങ്ങാം പറമ്പ്,തോണ്ടൻകുളങ്ങര കിഴക്കോട്ടുള്ള റോഡ്, പഴവങ്ങാടി ജംഗ്ഷന് പടിഞ്ഞാറ് വശം എന്നിവിടങ്ങളിലാണ് പരാതിപ്പെട്ടിട്ടും മാലിന്യം തുടർച്ചയായി വലിച്ചെറിയുന്നത്.
മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ഇടങ്ങൾ തന്നെ കോടികൾ ചെലവിട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നഗരസഭ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമില്ല. ജനങ്ങൾ അലക്ഷ്യമായാണ് മാലിന്യം പൊതു റോഡിൽ ഉൾപ്പടെ നിക്ഷേപിക്കുന്നത്.നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ശേഖരിക്കുന്നുണ്ട്.
പ്രശ്നം മനോഭാവം
വീട്ടിലെ മാലിന്യം മറ്റ് എവിടെയെങ്കിലും കൊണ്ടു പോയി ഒഴിവാക്കിയാൽ മതിയെന്ന മനോഭാവമാണ് മാലിന്യപ്രശ്‌നത്തിന്റെ അടിസ്ഥാനം. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയരുതെന്ന നിർദ്ദേശം ആരും ഗൗനിക്കുന്നില്ല. മാലിന്യമെറിയുന്നവരെ നാട്ടുകാർ നേരിട്ടു കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ അതു കൈയേറ്റത്തിലും വിദ്വേഷത്തിലുമാണ് അവസാനിക്കുന്നത്. തുടർന്നു ഭീഷണിയും ആക്രമണവും വരെ ഉണ്ടാകുന്നുണ്ട്.ജനങ്ങൾക്കിടയിലെ സംഘർഷം ഒഴിവാക്കി മാലിന്യമേറുകാരെ കണ്ടെത്താൻ അധികൃതർ കൃത്യമായ ഇടപെടലുകൾ നടത്തുകയും പൊലിസ് പട്രോളിംഗ് ഊർജിതമാക്കുകയുമാണ് വേണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
25000
മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയുന്നവരെ പിടികൂടിയാൽ നഗരസഭ 25000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇത് വേണ്ടത്ര നടപ്പാക്കുന്നില്ല.
.......
# സ്വമേധയാ കേസ് എടുക്കണം
രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പൊലീസ് സ്വമേധയാ ഇടപെടണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് നടപ്പാകാത്തതോടെ പല വാർഡുകളിലും റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിച്ചു. എന്നാൽ റോഡുകളിൽ സ്ഥാപിക്കുന്ന കാമറകൾ നിലനിൽക്കുന്നുമില്ല. പലതും മോഷണം പോകുന്ന സ്ഥിതിയാണ്. പൊലീസിൽ പരാതിപ്പെട്ടാലും പല കേസുകളിലും അന്വേഷണത്തിന് ഉദ്യോഗസ്ഥർ എത്തുന്നില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
......
'' ദിവസേന മാലിന്യം കൂടുതലായുണ്ടാകുന്നയിടങ്ങളിൽ അത് സംസ്‌കരിക്കാനുള്ള നടപടികൾ നഗരസഭ നടപ്പിലാക്കണം. മാലിന്യ കള്ളമ്മാരെ പിടിക്കാൻ എല്ലായിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു കുറ്റവാളികളെ കണ്ടെത്തി പൊലീസിന് വിവരം കൈമാറുന്നത് പ്രായോഗികമല്ല.
റസിഡന്റ്സ് അസോസിയേഷനുകൾ