ആലപ്പുഴ: ഹൗസ് ബോട്ട് മേഖലയെ മാലിന്യമുക്തമാക്കുന്നതിനായി കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷൻ പുതുതായി സജ്ജീകരിച്ച സഞ്ചരിക്കുന്ന മാലിന്യശേഖരണ ബോട്ടിന്റെ ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് ടോമി ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 12ന് പള്ളാത്തുരുത്തി ലേക്‌ലാൻഡ് ഓഫീസിൽ മന്ത്രി ജി.സുധാകരൻ ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കളക്ടർ എം.അഞ്ജന, ഡി.ടി.പി.സി സെക്രട്ടറി മാലിൻ തുടങ്ങിയവർ പങ്കെടുക്കും.പ്രതിദിനം 15,000ലിറ്റർ കക്കൂസ് മാലിന്യം ശേഖരിക്കാൻ കഴിയുന്ന മാലിന്യശേഖരണ ബോട്ട് 28ലക്ഷം രൂപ ചെലവഴിച്ചാണ് ഫെഡറേഷൻ വാങ്ങിയത്. സർക്കാർ മേഖലയിൽ ട്രീറ്റ്മെന്റ് പ്ളാന്റ് ഇല്ലാത്തതിനാൽ കായംകുളം എൻ.ടി.പി.സിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിലാണ് മാലിന്യം സംസ്കരിക്കുക. മൂന്ന് മാസത്തിനുള്ളിൽ കുമരകത്തെ പ്ളാന്റിന്റെ പണികൾ പൂർത്തികരിക്കാൻ കഴിയും. ഫെഡറേഷൻ കൈനകരി പഞ്ചായത്തിൽ പുതിയ പ്ളാന്റ് നിർമ്മിക്കാൻ സ്ഥലം വാങ്ങിയിട്ടുണ്ട്. സർക്കാർ സഹായത്തോടെ പ്ളാന്റ് നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ടോമി ജോസഫ് പറഞ്ഞു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ജോസ് ആറാത്തുംപള്ളി, ട്രഷറർ കുഞ്ഞുമോൻ മാത്യൂ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.