ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന 'ഹൃദയപൂർവ്വം' പദ്ധതി ആരംഭിച്ചിട്ട് ഇന്ന് 1000ദിവസം പൂർത്തിയാകുമെന്ന് ജില്ലാ സെക്രട്ടറി അഡ്വ. ആർ.രാഹുൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 5ന് വണ്ടാനം മെഡിക്കൽ കോളേജിന് സമീപം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സജിചെറിയാൻ എം.എൽ.എ എന്നിവർ സംസാരിക്കും. ജില്ലയിലെ 149 മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഓരോദിവസവും വീടുകളിൽ നിന്ന് പൊതിച്ചോറ് ശേഖരിച്ച് ആശുപത്രിയിൽ വിതരണം ചെയ്യുന്നത് .ഒരു ദിവസം ശരാശരി 4000 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട് .ഭക്ഷണവുമായി എത്തുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആശുപത്രിയിൽ രക്തദാനവും നടത്തുന്നു . 2017ജൂൺ മൂന്നിനാണ് ഹൃദയപൂർവം പദ്ധതി ആരംഭിച്ചത്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജെയിംസ് ശാമുവേൽ,അഡ്വ. അനസ്അലി, എ.ഷാനവാസ് എന്നിവരും പങ്കെടുത്തു.