ആലപ്പുഴ: കുട്ടനാട് -അപ്പർ കുട്ടനാട് മേഖലകളിലെ നെൽകൃഷി നേരിടുന്ന ഓരുവെള്ള ഭീഷണിക്ക് പരിഹാരം കാണാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ബന്ധപ്പെട്ട വകുപ്പുകളുടെ സംയുക്ത യോഗം വിളിച്ചുചേർത്ത്, സ്വീകരിക്കണ്ട നടപടികളുടെ വിശദമായ റിപ്പോർട്ട് തേടും. ഓരുമുട്ടുകൾ നിരന്തരമായി തകരുന്ന സാഹചര്യം ഒഴിവാക്കി സ്ഥിരം സംവിധാനമായി റെഗുലേറ്റർ-കം-ഷട്ടർ സംവിധാനം ഒരുക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കും. യോഗത്തിൽ കളക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിച്ചു.

ജില്ലയിലെ ആശുപത്രികളിൽ കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യാൻ നടപടികളെടുക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. അരൂർ നിയോജകമണ്ഡലത്തിലെ കുടിവെള്ളപ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തിയ വാട്ടർ അതോറിട്ടിയെ എംഎൽഎ അഭിനന്ദിച്ചു.

ജില്ലയിലെ പാലങ്ങളുടെ നിർമ്മാണങ്ങൾക്കായി സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കും. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ ചെറുതോടുകളടക്കമുള്ളവയിൽ നിന്നും എക്കൽ മാറ്റി ആഴം കൂട്ടുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലാ ആസൂത്രണ സമിതി ഓഫീസർ കെ.എസ്.ലതി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രതിനിധി എം.എൻ.ചന്ദ്രപ്രകാശ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഹൗസ് ബോട്ടുകളുടെ സുരക്ഷ :

ഉപദേശക സമിതി യോഗം 6ന്

ലൈസൻസില്ലാതെ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നതും ജലാശയങ്ങളിലേക്ക് ഹൗസ്ബോട്ടുകളിൽ നിന്ന് മാലിന്യം ഒഴുക്കുന്നതും ഗൗരവത്തോടെയാണ് കാണുന്നതെന്ന് കളക്ടർ വ്യക്തമാക്കി. ദേശീയ ദുരന്തനിവാരണ അതോറിട്ടിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ഹൗസ് ബോട്ടുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടിയെടുക്കും. സുരക്ഷാ സംബന്ധമായ മാനദണ്ഡം തീരുമാനിക്കുന്നതിനായി വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ഉപദേശക സമിതിയുടെ യോഗം അടുത്തമാസം ആറിന് നടക്കും. ജലഗതാഗതം-ടൂറിസം-പൊലീസ് എന്നിവരുമായുള്ള കൂട്ടായ ചർച്ചയ്ക്ക് ശേഷം ടൂറിസം മേഖലക്ക് പ്രതിസന്ധി സൃഷ്ടിക്കാത്ത ശക്തമായ നടപടികളാണ്ടാകും. ഹൗസ്ബോട്ടുകളിലെ മാലിന്യ സംസ്‌ക്കരണത്തിനായി നേരത്തെ പ്രവർത്തിച്ചുകൊണ്ടിരുന്ന എച്ച്-ബ്ലോക്കിലെ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവർത്തനം അടിയന്തരമായി പുനഃസ്ഥാപിക്കാനും കൂടുതൽ അളവിലുള്ള മാലിന്യ സംസ്‌കരണത്തിനായി ആവശ്യമെങ്കിൽ പുതിയ യൂണിറ്റ് സ്ഥാപിക്കാനും ചീഫ് സെക്രട്ടറി നേതൃത്വം നല്കിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.