ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച ആശുപത്രികൾക്ക് ഏർപ്പെടുത്തിയ കായകൽപ്പ് പുരസ്‌കാരം പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന് . ഇക്കൊല്ലം പ്രാഥമികാരോഗ്യകേന്ദ്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ നൽകുന്ന അവാർഡാണ് കായകൽപ്പ്. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ (സി.എച്ച്.സി), താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് പുരസ്‌കാരം നൽകുന്നത്. 92ശതമാനം മാർക്കോടെയാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം പുരസ്‌കാരനേട്ടം കൈവരിച്ചത്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ടുലക്ഷം രൂപ വീതമാണ് സമ്മാനമായി നൽകുന്നത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) ദേശീയ അംഗീകാരവും, സംസ്ഥാന സർക്കാരിന്റെ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്‌സ് ഫോർ ഹോസ്പിറ്റൽ (കാഷ്) അംഗീകാരവും

പ്രാഥമികാരോഗ്യകേന്ദ്രത്തിന് ഈ വർഷം ലഭിച്ചിരുന്നു.