35 ലക്ഷം രൂപയുടെ നാശനഷ്ടം
ആലപ്പുഴ: റെയിൽവേക്കു വേണ്ടി ഇലക്ട്രിക് ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്ന മാന്നാർ അലിൻഡ് സ്വിച്ച് ഗിയർ ഫാക്ടറിയിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 35 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക കണക്ക്. മുറിയിൽ സൂക്ഷിച്ചിരുന്ന പെയിന്റ്, ഡീസൽ, ഓയിൽ, ആസിഡ്, ഗ്യാസ് സിലണ്ടർ, തടിയിൽ നിർമ്മിച്ച പെട്ടികൾ, കമ്പ്യൂട്ടറുകൾ എന്നിവ പൂർണമായും അഗ്നിക്കിരയായി. പുലർച്ചെ 4ന് ഫാക്ടറിയുടെ പ്രധാന പ്ലാന്റിലാണ് സ്‌ഫോടനത്തോടെ തീപിടിത്തമുണ്ടായത്.
അസംസ്‌കൃത വസ്തുക്കൾ സൂക്ഷിച്ചിരുന്ന മുറിയിൽ തീ പടരുന്നത് രാത്രി ഷിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരും സെക്യൂരിറ്റിക്കാരുമാണ് ആദ്യം കണ്ടത്. ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്‌നിശമന സേനയും മാന്നാർ എമർജൻസി റെസ്‌ക്യൂ ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് രണ്ട് മണിക്കൂർകൊണ്ട് തീ നിയന്ത്രണവിധേയമാക്കിയത്. ആസ്ബസ്റ്റോസ് ഷീറ്റിൽ നിർമ്മിച്ച മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഭിത്തി രണ്ടായി പിളർന്നു. മുറിയിൽ സൂക്ഷിച്ചിരുന്ന ആസിഡ് ലീക്കായി അസംസ്കൃത വസ്തുക്കളുമായി ചേർന്നുള്ള രാസപ്രവർത്തനത്തിൽ തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് കമ്പനി സന്ദർശിച്ച ജില്ലാ ഫയർ ഓഫീസർ കെ.ആർ.അഭിലാഷ് പറഞ്ഞു.