അമ്പലപ്പുഴ: ശ്യാമിലിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ചിലവുകൾക്കായി നാട് ഇന്നു കൈ കോർക്കും. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 10-ാം വാർഡ് തോപ്പിൽത്തറ വീട്ടിൽ മംഗളാനന്ദൻ - ശോഭ ദമ്പതികളുടെ മകൾ ശ്യാമിലി (19)യുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായാണ് ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുക.
സ്വകാര്യ സ്ഥാപനത്തിൽ ആയുർവ്വേദ നഴ്സിംഗ് വിദ്യാർത്ഥിനിയായ ശ്യാമിലിക്ക് ഒന്നര മാസം മുമ്പാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. തുടർന്നാണ് കരളിന്റെ തകരാർ കണ്ടെത്തിയത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 30 ലക്ഷം രൂപയ്ക്ക് മുകളിൽ വേണ്ടിവരും. നിർദ്ധന കുടുംബത്തിന് ഈ ഭാരിച്ച തുക കണ്ടെത്താനാകില്ല.
തുടർന്നാണ് പ്രജിത്ത് കാരിക്കൽ,കെ അനിൽകുമാർ,ഇബ്രാഹിം കുട്ടി വിളക്കേഴം,ഫാദർ സെബാസ്റ്റ്യൻ ജൂഡൊ മൂപ്പശേരി എന്നിവർ രക്ഷാധികാരികളായും,പഞ്ചായത്ത് പ്രസിഡന്റ് എം.എ അഫ്സത്ത് ചെയർപേഴ്സണും, ബ്ലോക്ക് പഞ്ചായത്തംഗം യു.എം.കബീർ ജനറൽ കൺവീനറുമായി നാട്ടുകാർ ജീവൻ രക്ഷാസമിതിക്ക് രൂപം നൽകിയത്. മൂന്ന് മുതൽ 11 വരെയുള്ള വാർഡുകളിൽ 4500 ഓളം വീടുകളിലാണു ഇന്ന് രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ധനസമാഹരണം നടത്തുന്നത്.