ആലപ്പുഴ: സംസ്ഥാനത്ത് ലൈഫ് മിഷൻ വഴി രണ്ടു ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചതിനോടൊപ്പം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ഒത്തു ചേരലും പ്രഖ്യാപനവും നടത്തി. നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണവും നടത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ പൂർത്തിയാക്കിയ നഗരസഭയായ ആലപ്പുഴയ്ക്കുള്ള ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സമ്മാനിച്ചു.
നഗരസഭാദ്ധ്യക്ഷന്മാരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമാണ് പ്രാദേശിക തലത്തിൽ പ്രഖ്യാപനം നിർവഹിച്ചത്. ലൈഫ് മിഷനിലൂടെ തങ്ങൾക്ക് ലഭിച്ച വീടിനു മുന്നിൽ നിന്നുമെടുത്ത ഫോട്ടോകളുമായാണ് ഗുണഭോക്താക്കൾ സംഗമത്തിനെത്തിയത്. ഗുണഭോക്താക്കൾക്ക് പുറമേ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരും പ്രഖ്യാപനത്തിൽ പങ്കുചേർന്നു. 19309 വീടുകളാണ് ജില്ലയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നത്. 15884 വീടുകളുടെ നിർമ്മാണം പൂർത്തിയായി. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഭവനങ്ങൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ചത്. 415 വീടുകൾ .