ആലപ്പുഴ: സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് വിശപ്പുരഹിത കേരളം പദ്ധതിയെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത പദ്ധതിയിലെ ആദ്യ ജനകീയ ഹോട്ടൽ മണ്ണഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി . വിശപ്പുരഹിത കേരളം പദ്ധതിയിൽസംസ്ഥാനത്ത് 25 രൂപയ്ക്ക് നല്ല ഊണ് ലഭിക്കുന്ന ആയിരം ജനകീയ ഹോട്ടലുകൾ ഓണത്തിനുമുമ്പ് ഗ്രാമ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തത്തോടെ ആരംഭിക്കും. സന്നദ്ധ സംഘടനകൾ,ധർമ്മസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സഹകരണത്തോടെ ഈ വർഷം അവസാനിക്കും മുമ്പ് 5000 ജനകീയ ഹോട്ടലുകൾ തുറക്കുന്നതോടെ പട്ടിണി സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കപ്പെടും.

എല്ലാ ജനകീയ ഹോട്ടലുകളിലും ഭക്ഷണകൂപ്പണിന്റെ 10ശതമാനം സൗജനമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

ഷെയർ മീൽസ് ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായി. പി.കെ.മേദിനി, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീനാ സനൽകുമാർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, അംഗം പി.എ.ജുമൈലത്ത്,സി.ഡി.എസ് ചെയർപേഴ്സൺ പി.ധനലക്ഷ്മി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോജോസ് ബൈജു,ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ എന്നിവർ പങ്കെടുത്തു.

25 രൂപ നൽകാനില്ലാത്തവർക്കും ജനകീയ ഹോട്ടലിൽ ഊണ് കഴിക്കാനാകും. ഹോട്ടലിന് മുന്നിലുള്ള ബോർഡിൽ ഷെയർ മീൽസ് ടോക്കണുകൾ ഉണ്ടാകും. ടോക്കൺ എടുത്ത് നൽകിയാൽ കാശില്ലാത്തവർക്ക് ഫ്രീയായി ഊണ് കഴിക്കാം. മറ്റൊരാളുടെ വിശപ്പകറ്റാൻ താത്പര്യമുള്ളവർക്ക് 25 രൂപ നൽകി ഷെയർ മീൽസ് ടോക്കൺ വാങ്ങി ബോർഡിൽ സ്ഥാപിക്കാം.