ന്യൂഡൽഹി: കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്നുള്ള 324 പേരെ എയർ ഇന്ത്യാ വിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനായി ഡൽഹി - ഹരിയാന അതിർത്തിയായ മനേസറിലെ പ്രത്യേക സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. ബോയിംഗ് 747 ജംബോ വിമാനത്തിൽ നാട്ടിലെത്തിയവരിൽ 211 വിദ്യാർത്ഥികളും മൂന്നു കുട്ടികളും 110 മുതിർന്നവരുമാണുള്ളത്. ഇതിൽ 42 പേർ മലയാളികളും, ആന്ധ്രയിൽ നിന്ന് 56 പേരും, തമിഴ്‌നാട്ടിൽ നിന്ന് 53 പേരുമുണ്ട്. ഇവർ വുഹാൻ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളും ഹ്യുബെ പ്രവിശ്യയിലുള്ള ഇന്ത്യൻ കുടുംബങ്ങളുമാണ്.

ശരീരോഷ്മാവ് ഉയർന്നതിനെത്തുടർന്ന് ആറ് വിദ്യാർത്ഥികളുടെ യാത്ര ചൈനീസ് എമിഗ്രേഷൻ അധികൃതർ തടഞ്ഞു. ഇവരെ ചൈനയിൽ തന്നെ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരിച്ച് വരുന്നതിന് അറുന്നൂറോളം പേരാണ് എംബസിയുമായി ബന്ധപ്പെട്ടത്.

ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടർമാരും എയർ ഇന്ത്യയിലെ പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെടെയുള്ള പ്രത്യേക സജ്ജീകരണമുള്ള വിമാനം വെള്ളിയാഴ്‌ച വൈകിട്ടാണ് വുഹാനിലെത്തിയത്. വുഹാനിലെ പല ഭാഗങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ വെള്ളിയാഴ്‌ച രാത്രിയോടെയാണ് ബസുകളിൽ വിമാനത്താവളത്തിലെത്തിച്ചത്. രാത്രി പതിനൊന്നിന് ബോർഡിംഗ് പൂർത്തിയാക്കി പുലർച്ചെ 3.55ന് വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. രാവിലെ 7.28നാണ് വിമാനം ന്യൂഡൽഹിയിലെത്തിയത്. വിമാനത്താവളത്തിലെ പ്രത്യേക പരിശോധനയ്‌ക്ക് ശേഷം മനേസറിലേക്ക് മാറ്റിയ ഇവരെ ഒരു സംഘം ഡോക്ടർമാർ രണ്ടാഴ്ചയോളം ക്യാമ്പിൽ താമസിപ്പിച്ച് വൈറസ് ബാധയുണ്ടോയെന്നു നിരീക്ഷിക്കും. യാത്രക്കാരെ കൊണ്ടുവന്ന വിമാനം അണുനശീകരണത്തിന് വിധേയമാക്കി.

രണ്ടാമത്തെ വിമാനം പുറപ്പെട്ടു

വുഹാനിൽ കുടുങ്ങിക്കിടക്കുന്ന കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്നലെ ഉച്ചയ്‌ക്ക് 1.37ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് പുലർച്ചെ തിരിച്ചെത്തും.