ന്യൂഡൽഹി : നിർഭയ കേസിലെ രണ്ടാം പ്രതി വിനയ് ശർമ (26) സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. തൊട്ടുപിന്നാലെ പ്രതി അക്ഷയ് ഠാക്കൂർ (31) ദയാഹർജി നൽകി. ഇന്നലെ നടത്താനിരുന്ന വധശിക്ഷ, ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലെന്ന കാരണത്താൽ ഇന്നലെ ഡൽഹി കോടതി സ്റ്റേ ചെയ്തിരുന്നു. ദയാഹർജി രാഷ്ട്രപതി തള്ളിയാൽ 14 ദിവസം വരെ ശിക്ഷ നടപ്പിലാക്കാൻ പാടില്ലെന്നാണ് ചട്ടം.
മറ്റൊരു പ്രതിയായ മുകേഷ് കുമാർസിംഗിന്റെ (32) ദയാ ഹർജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. നാലാം പ്രതിയായ പവൻ ഗുപ്തയ്ക്ക് (25) ഇനി ദയാ ഹർജി നൽകാൻ അവസരമുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്നും അതിനാൽ വധശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. ഇനി പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാനുണ്ട്. അതുകൊണ്ട് തന്നെ പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് ഇനിയും നീളും. ഒരാളുടെയെങ്കിലും അപേക്ഷ തീർപ്പാവാതെ നിൽക്കുന്നുണ്ടെങ്കിൽ ആരെയും തൂക്കിലേറ്റാനാവില്ലെന്നതാണ് ഡൽഹി ജയിൽ ചട്ടം. ഇതിനോടകം തിരുത്തൽ ഹർജിയും ദയാ ഹർജിയുമടക്കം തള്ളിയ മുകേഷ് സിംഗിന് ഇനി മറ്റൊരു അവസരമില്ല.