kunal-kamra

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന് ആരോപിച്ച് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ നിയമനടപടിയുമായി സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കമ്ര. യാത്രാവിലക്ക് ഉടൻ പിൻവലിക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുനാൽ കമ്ര ഇൻഡിഗോയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ക്ഷമാപണം രാജ്യത്തെ പ്രധാന പത്രങ്ങളിലും ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പരസ്യം ചെയ്യണം.

തനിക്കുണ്ടായ മാനസിക വേദനയ്ക്കും സംഭവത്തെ തുടർന്ന് സ്വദേശത്തും വിദേശത്തും പരിപാടികൾ നിറുത്തലാക്കിയതിനാലും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകണമെന്നും കുനാൽ ആവശ്യപ്പെട്ടു.

ജനുവരി 28നാണ് മാദ്ധ്യമ പ്രവർത്തകൻ അർണാബ് ഗോസ്വാമിയോട് വിമാനത്തിൽ വച്ച് പരിഹാസ രൂപേണ കുനാൽ കമ്ര ചോദ്യങ്ങൾ ചോദിച്ചത്. അർണാബ് മറുപടിയൊന്നും പറഞ്ഞില്ല.

വിമാനത്തിൽ വച്ച് കമ്ര വീഡിയോ എടുത്ത നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് ഇൻഡിഗോ ആറ് മാസത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പിന്നാലെ എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.