ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ബഡ്ജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി നിർമ്മല സീതാരാമന് പക്ഷേ പ്രസംഗം പൂർത്തിയാക്കാനായില്ല. ശാരീരിക അവശതകളെ തുടർന്ന് രണ്ടു പേജ് ബാക്കിവച്ച് അവസാനിപ്പിച്ചു.
രാവിലെ 11ന് തുടങ്ങി ഉച്ചയ്ക്ക് 1.4ഓടെയാണ് നിറുത്തിയത്. രണ്ടു മണിക്കൂറും 40 മിനിട്ടുമെടുത്തു. ഇടയ്ക്ക് പ്രതിപക്ഷ ബഹളത്തിലും പ്രസംഗം മുടങ്ങി.
വെള്ളം പോലും കുടിക്കാതെയായിരുന്നു രണ്ടരമണിക്കൂറോളം വായിച്ചത്. അതിനിടെ പ്രസംഗം നീളുന്നതിൽ പ്രതിപക്ഷത്ത് നിന്ന് ബഹളമുയർന്നു. അവസാനഭാഗമെത്തിയപ്പോഴേക്കും ക്ഷീണിതയായി. വെള്ളം എത്തിച്ച് കുടിച്ച് പ്രസംഗം തുടരാൻ ശ്രമിച്ചെങ്കിലും അസ്വസ്ഥത കൂടി. ഇതിനിടെ മന്ത്രിമാരായ നിതിൻ ഗഡ്കരിയും ഹർസീമ്രത് കൗർ ബാദലും മിഠായിയുമായെത്തി. എന്നാൽ പ്രസംഗം തുടരാൻ കഴിയാതെ വന്നതോടെ ബാക്കിയുള്ള രണ്ടു പേജ് വായിച്ചതായി കണക്കാക്കണമെന്ന് സ്പീക്കറോട് അഭ്യർത്ഥിച്ച് അവസാനിപ്പിക്കുകയായിരുന്നു.
അല്പനേരം വിശ്രമിച്ചശേഷം 15ാം ധനകാര്യകമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്ക്കൽ, ഫിനാൻസ് ബില്ലിന് അവതരണാനുമതി തേടൽ തുടങ്ങിയ നടപടിക്രമങ്ങൾ ധനമന്ത്രി പൂർത്തിയാക്കി. തുടർന്ന് സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരെത്തി അഭിനന്ദിച്ചു. ഒടുവിൽ, ഗാലറിയിൽ ആശങ്കയോടെ നിന്ന മകളെ നോക്കി കുഴപ്പമില്ലെന്ന് ആഗ്യം കാണിച്ച് സഭയിൽ നിന്ന് പുറത്തേക്ക്. ബഡ്ജറ്റ് പ്രസംഗം പൂർത്തിയാക്കാതെ അവസാനിപ്പിക്കുന്നത് അപൂർവമാണെന്ന് ചില എം.പിമാർ ചൂണ്ടിക്കാട്ടി.
2019ൽ ആദ്യ ബഡ്ജറ്റ് അവതരിപ്പിച്ച് കുറിച്ച തന്റെ തന്നെ റെക്കാഡാണ് നിർമ്മല തിരുത്തിയത്. അന്ന് രണ്ടു മണിക്കൂറും 17 മിനിട്ടുമെടുത്തു. വാജ്പേയി ഭരണകാലത്ത് 2003ൽ ജസ്വന്ത് സിംഗ് നടത്തിയ രണ്ടു മണിക്കൂർ 15 മിനിട്ടിന്റെ റെക്കാഡാണ് അന്ന് തിരുത്തിയത്.
കാശ്മീരി വരികൾ,
ഔവ്വയാർ, തിരുവള്ളുവർ....
നമ്മുടെ രാജ്യം ഷാലിമാർബാഗിനെ പോലെ, ദാൽ തടാകത്തിലെ താമരപോലെ, ഊർജ്ജസ്വലരായ യുവാക്കളെ പോലെ നമ്മുടെയും രാജ്യം, ലോകത്തിലെ ഏറ്റവും മനോഹര രാജ്യം.... പണ്ഡിറ്റ് ദിനനാഥ് കൗൾ നദീമിന്റെ ദേശസ്നേഹ വരികൾ ഉദ്ധരിച്ചാണ് നിർമ്മല സീതാരാമൻ ബഡ്ജറ്റ് അവതരണം തുടങ്ങിയത്.
കാശ്മീരി കവിതയെക്കുറിച്ച് പറഞ്ഞയുടൻ കാശ്മീരികളെല്ലാം ജയിലിലാണെന്ന് ചില പ്രതിപക്ഷാംഗങ്ങൾ ശബ്ദമുയർത്തി. തിരുവള്ളുവർ, ഔവ്വയാർ, കാളിദാസൻ എന്നിവരെയും ഉദ്ധരിച്ചു. കൃഷിയെക്കുറിച്ച് പറയുമ്പോഴായിരുന്നു ഔവ്വയാറിന്റെ ആദിചൂഡിയിലെ 'നന്നായി കൃഷി ചെയ്യൂ കഴിക്കൂ' എന്നർത്ഥം വരുന്ന പ്രയോഗം.
രോഗമുക്തി, സമ്പത്ത്, നല്ല വിളവെടുപ്പ്, സന്തോഷം, സുരക്ഷ എന്നിവയാണ് സദ്ഭരണത്തിലെ അഞ്ച് രത്നങ്ങൾ എന്ന തിരുവള്ളുവറിന്റെ തിരുക്കുറലിലെ വരികളാണ് ഉദ്ധരിച്ചത്. ആയുഷ്മാൻ ഭാരത്, സാമ്പത്തിക മുന്നേറ്റം, കൃഷി, ക്ഷേമ പദ്ധതികൾ, ദേശസുരക്ഷാ നടപടികൾ എന്നിവ ചൂണ്ടിക്കാട്ടാനായിരുന്നു തിരുവള്ളുവറിനെ കൂട്ടുപിടിച്ചത്.
എന്നാൽ, ദേശദ്രോഹികളെ വെടിവയ്ക്കൂവെന്ന് ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ നടത്തിയ വിവാദ പരാമർശവും പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധവും എടുത്തിട്ട് പ്രതിപക്ഷം ബഹളമുയർത്തി.