coronavirus

ന്യൂഡൽഹി: കൊറോണ രോഗം റിപ്പോർട്ട് ചെയ്‌തതിന്റെ പശ്ചാത്തലത്തിൽ റെസ്‌പിറേറ്ററ്റി മാസ്‌കുകൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തിസുരക്ഷാ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ താത്കാലികമായി നിരോധിച്ചു. മുഖാവരണങ്ങൾക്ക് ആവശ്യമേറുമെന്ന സാദ്ധ്യത കണക്കിലെടുത്താണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വായുജന്യരോഗങ്ങളെ പ്രതിരോധിക്കുന്ന ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഒഫ്‌ ഫോറിൻ ട്രേഡ് ഉത്തരവിറക്കി. എൻ 95 മാസ്‌കുകൾ, തുണികൾ, സർജിക്കൽ മാസ്‌കുകൾ തുടങ്ങിയവ ഇതിലുൾപ്പെടും.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മാസ്‌ക് കയറ്റുമതി കൂടിയിരുന്നു. പത്തിരട്ടി കൂടുതൽ വിലയ്‌ക്കാണ് മാസ്‌കുകൾ കഴിഞ്ഞ ദിവസങ്ങളിൽ കയറ്റുമതി ചെയ്തത്. ഇതോടെ പ്രാദേശിക വിപണിയിൽ സർജിക്കൽ മാസ്‌കുകളുടെ ലഭ്യത കുറഞ്ഞു. ഇതേത്തുടർന്ന് രാജ്യത്ത് മാസ്‌കുകൾക്ക് ക്ഷാമമുണ്ടെന്ന് ആൾ ഇന്ത്യ ഫുഡ് ആൻഡ് ഡ്രഗ് ലൈസൻസ് അഡ്മിനിസ്‌ട്രേഷൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.